തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയർന്നേക്കും
ന്യൂഡൽഹി∙ അടുത്തമാസം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യയിൽ എണ്ണവില കുതിച്ചുയരുമെന്ന് വിലയിരുത്തൽ. എണ്ണവില ഇന്നലെ ബാരലിന് 93 ഡോളറിന് മുകളിൽ എത്തിയെങ്കിലും ആഭ്യന്തര വിപണിയിൽ വിലയിൽ മാറ്റമുണ്ടായില്ല. ഒമിക്രോണിന്റെ സാഹചര്യത്തിൽ എണ്ണവില കുറഞ്ഞ് 69 ഡോളറിൽ എത്തിയിരുന്നു.
എന്നാൽ, കോവിഡ് മൂന്നാംതരംഗം ശക്തികുറഞ്ഞതോടെ എണ്ണവില ഉയർന്ന് 94 ഡോളറിലെത്തുകയായിരുന്നു. റഷ്യയും യുക്രെയിനും തമ്മിലുള്ള പ്രശ്നങ്ങളും എണ്ണവില കൂടാൻ കാരണമായി. നവംബര്‍ നാലിനുശേഷം അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 15ശതമാനമാണ് വിലവര്‍ധിച്ചത്. എണ്ണവില ഇപ്പോഴത്തെ നിലവാരത്തില്‍ തുടര്‍ന്നാല്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലവര്‍ധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയിൽ എണ്ണവില നിയന്ത്രിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണ്, സാമ്പത്തികശാസ്ത്രമല്ല എന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ആഭ്യന്തര വിപണിയിലെ എണ്ണവിലയിൽ കുതിച്ചുചാട്ടമുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Local fuel prices may surge once elections are over