ജില്ലാ കലക്ടര്‍ കുറ്റിയാര്‍വാലി സന്ദര്‍ശിച്ചു
അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ കുറ്റിയാര്‍വാലിയില്‍ നേരിട്ടെത്തി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്ജ്. അഞ്ച്‌സെന്റ് ഭൂമിവിതരണം പൂര്‍ത്തിയാക്കാന്‍ തഹസില്‍ദ്ദാരെ ചുമതലപ്പെടുത്തിയതായും കലക്ടര്‍. തോട്ടംതൊഴിലാളികള്‍ താമസിക്കുന്ന കുറ്റിയാര്‍വാലിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ക്ക് കഴിഞ്ഞ ദിവസം രാവിലെയാണ് കുറ്റിയാര്‍വാലിയില്‍ എത്തിയത്.
ഡപ്യൂട്ടി കളക്ടര്‍ കെ. മനോജ്, ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ, തഹസില്‍ദ്ദാര്‍ ഷാഹിന രാമക്യഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പന്ത്രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ അനുവധിച്ച ഭൂമിയില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പേരാണ് വീട് നിര്‍മ്മിച്ച് താമസിക്കുന്നത്. ഇവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വകുപ്പുകള്‍ ലഭ്യമാക്കിട്ടുണ്ടോയെന്നും പ്രദേശവാസികളുടെ പരാതികള്‍ മനസിലാക്കി അത് പരിഹരിക്കുകയുമായിരുന്നു സന്ദര്‍ശന ലക്ഷ്യം.
കുടിവെള്ളം റോഡ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലായിട്ടില്ലെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സന്ദര്‍ശനം. പന്ത്രണ്ട് വര്‍ഷം മുമ്പ് 2300 പേര്‍ക്ക് അഞ്ച് സെന്റ് വീതം ഭൂമികള്‍ അനുവദിച്ചിരുന്നു. ഇത് പലര്‍ക്കും വിതരണം ചെയ്തിട്ടില്ല. ഇവര്‍ക്ക് ഭൂമി നല്‍കുന്നതിന് തഹസില്‍ദാരെ നിയമിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു