പഠ്ന ലിഖ്ന അഭിയാന്‍ : വട്ടവടയിലും കാന്തല്ലൂരിലും മറയൂരിലും മലയാളം പഠിക്കാന്‍ 5573 പേര്‍
കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയുടെ ഭാഗമായി വട്ടവട കാന്തല്ലൂര്‍ മറയൂര്‍ പഞ്ചായത്തുകളിലെ 5573 പേര്‍ മലയാളം പഠിക്കും. വട്ടവടയില്‍ 1526 പേരും മറയൂരില്‍ 2036 പേരും കാന്തല്ലൂരില്‍ 2011 പേരുമാണ് സര്‍വ്വേയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പഠിതാക്കളില്‍ തമിഴ് മേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടും. ജില്ലയില്‍ ആകെ 23840 പഠിതാക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇവരെ മാര്‍ച്ച് 31 ഓടെ സാക്ഷരരാക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ പഠിതാക്കള്‍ക്കായി ക്ലാസുകള്‍ ആരംഭിച്ചു വരികയാണ്.വട്ടവട, മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ ഇടുക്കി ഡയറ്റ് തയ്യാറാക്കിയ പ്രത്യേക മൊഡ്യുള്‍ ഉപയോഗിച്ച് പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതിയിലെഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പരിശീലനവും പഠിതാക്കള്‍ക്ക് പഠനോപകരണ വിതരണവും സംഘടിപ്പിച്ചുമറയൂര്‍ എസ്ടി സെറ്റില്‍മെന്റ് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഹെന്‍ട്രി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായജോമോന്‍ തോമസ് , ദീപ അരുള്‍ജ്യോതി, സത്യവതി പളനിസ്വാമി, പഞ്ചായത്തംഗം കുട്ടിരാജ് എന്നിവര്‍ സംബന്ധിച്ചു.
കാന്തല്ലൂര്‍ പഞ്ചായത്തില്‍ കോവില്‍ക്കടവ് കമ്യൂണിറ്റി ഹാളില്‍ നടന്ന പരിശീലനവും പഠിതാക്കള്‍ക്ക് പഠനോപകരണ വിതരണവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊച്ചുത്രേസ്യ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്യായനി അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷ്, സലിം എന്നിവര്‍ സംബന്ധിച്ചു.
വട്ടവട പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനവും പഠിതാക്കള്‍ക്ക് പഠനോപകരണ വിതരണവും പ്രസിഡന്റ് ഗണപതിയമ്മാള്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ പരിമള, മാരിയപ്പന്‍, അസി. സെക്രട്ടറി ജബ്ബരാജ് എന്നിവര്‍ സംബന്ധിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം.അബ്ദുകരീം, റിസോഴ്സ് പേഴ്സന്‍മാരായ തേന്‍മൊഴി, എം.കലൈ സെല്‍വി, പ്രിയ,രഞ്ജന, വിനു പി ആന്റണി ,ആര്‍ വാസന്തി എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കി.