വേനൽ അടുത്തു, പുഴകൾ വറ്റിത്തുടങ്ങി ; നാട്ടിലേക്ക് ഇറങ്ങി കാട്ടാനകൾ
കോട്ടയം ജില്ലയിലെ ഏഞ്ചൽവാലിയിലും എഴുകുമണ്ണിലും ഇടുക്കിയിലെ പീരുമേട്ടിലും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. എഴുകുമണ്ണിൽ ഇറങ്ങിയ കാട്ടാന സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളിലെ വാഴ, തെങ്ങ് എന്നിവ പിഴുതെറിഞ്ഞു. മ്ലാവുകൾ കരഞ്ഞതോടെയാണു നാട്ടുകാർ ആനയുടെ സാന്നിധ്യം അറിഞ്ഞത്. ഏഞ്ചൽവാലിയിലും കൃഷിയിടങ്ങൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം കണമലയ്ക്കു സമീപവും ആന എത്തിയിരുന്നു. കാട്ടിലെ ചോലകളിൽ വെള്ളം വറ്റിയതും സസ്യലതാദികൾ കരിഞ്ഞതും ആനകളുടെ കാടിറക്കത്തിനു കാരണമാവുകയാണ്.
പമ്പ, അഴുത നദികളിൽ നിന്നു വെള്ളം കുടിച്ച ശേഷം ഇവ നാട്ടിലേക്ക് ഇറങ്ങുകയാണ്. എരുമേലി റേഞ്ചിനു കീഴിൽ 30 കിലോമീറ്ററിൽ വനാതിർത്തികളിൽ സൗരവേലികൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പലയിടത്തും പ്രവർത്തനമില്ല. പീരുമേട്- കരണ്ടകപ്പാറ-കുട്ടിക്കാനം റോഡിലാണ് കാട്ടാനക്കൂട്ടം എത്തിയത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ തെങ്ങുകൾ നശിപ്പിച്ചു. പകലും ആനക്കൂട്ടം വനത്തിലേക്ക് മടങ്ങിയിട്ടില്ല. മരിയഗിരി സ്കൂളിനു സമീപമുള്ള വനം വകുപ്പിന്റെ പ്ലാന്റേഷനിലാണ് ഇവ നിലയുറപ്പിച്ചിരിക്കുന്നത്. നാളുകളായി കാട്ടുപോത്തിനെയും ഈ ഭാഗത്തു കാണാറുണ്ട്.