വാവ സുരേഷ് ജീവിതത്തിലേക്ക്
കോട്ടയം : മരണത്തിന്റെ വക്കിൽ നിന്നു വാവ സുരേഷിനെ ജീവിതത്തിലേക്കു കൈപിടിച്ചതിൽ നിർണായകമായത് മെഡിക്കൽ കോളജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിലെ പരിചരണം. അനസ്തീസിയ വിഭാഗത്തിനു കീഴിലാണ് ക്രിട്ടിക്കൽ കെയർ യൂണിറ്റ്. അതീവ ഗുരുതരനിലയിൽ എത്തുന്ന നൂറു കണക്കിനു രോഗികളാണ് ഓരോ ആഴ്ചയും ഇവിടെ നിന്നു ജീവിതത്തിലേക്കു തിരിച്ചുവരുന്നത്. 75 മണിക്കൂറാണ് സുരേഷ് ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ കഴിഞ്ഞത്.
വാവ സുരേഷിനെ ജനുവരി 31ന് വൈകിട്ട് ആറിന് ഇവിടെ കൊണ്ടുവരുമ്പോൾ അതീവ ഗുരുതരനിലയിൽ അബോധാവസ്ഥയിലായിരുന്നു. ചികിത്സ ആരംഭിച്ച് ആദ്യ 12 മണിക്കൂറിൽ ബോധം തെളിയുകയും ചോദ്യങ്ങളോടു പ്രതികരിക്കുകയും ചെയ്തുവെങ്കിലും പിന്നീടു നില ഗുരുതരമായി. മരുന്നുകളുടെ ഡോസ് വർധിപ്പിച്ചതോടെയാണ് 24 മണിക്കൂറിനു ശേഷം നില മെച്ചപ്പെട്ടത്. ഡോ. ഷീല വർഗീസാണ് അനസ്തീസിയ, ക്രിട്ടിക്കൽ കെയർ മേധാവി. ഡോ. ആർ.രതീഷ്കുമാർ, ഡോ. അനുരാജ് എന്നിവരുടെ മുഴുസമയ സേവനവും ലഭ്യമായിരുന്നു.
ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ, ഹൃദ്രോഗ വിഭാഗം മേധാവി ഡോ. വി.എൽ.ജയപ്രകാശ്, മെഡിസിൻ വിഭാഗം മേധാവി ഡോ. സംഘമിത്ര, ന്യൂറോ മെഡിസിൻ മേധാവി ഡോ. ജേക്കബ് ജോർജ്, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണൻ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ.രതീഷ് കുമാർ എന്നിവരാണു സുരേഷിനെ ചികിത്സിച്ച സംഘത്തിലെ മറ്റംഗങ്ങൾ.