ഹ്യുണ്ടായ്ക്ക് പിന്നാലെ ‘ബോയ്‌കോട്ട് കിയാ മോട്ടോഴ്‌സ്’ പ്രചാരണവും ശക്തം; കാരണം ഇതാണ്
ഇന്ത്യയ്‌ക്കെതിരായ വിഘടനവാദത്തെ പിന്തുണച്ചെന്ന ആക്ഷേപം മൂലം പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായും കിയാ മോട്ടോഴ്‌സും ട്വിറ്ററില്‍ മണിക്കൂറുകളായി വലിയ പ്രതിഷേധം നേരിടുകയാണ്. ഹ്യുണ്ടായ് കാറുകള്‍ ബഹിഷ്‌കരിക്കുക (ബോയ്‌കോട്ട് ഹ്യുണ്ടായ്) എന്ന ഹാഷ് ടാഗാണ് ആദ്യം ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നതെങ്കിലും പിന്നീട് ബോയ്‌കോട്ട് കിയാ മോട്ടോഴ്‌സ് എന്ന ആഹ്വാനവും വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമാകുകയായിരുന്നു. കാര്‍ കമ്പനികള്‍ക്കെതിരെ രാഷ്ട്രീയമായ പ്രതിഷേധം ആളിപ്പടരുന്നത് പലരും ശ്രദ്ധിച്ചിരുന്നുവെങ്കിലും ഇതിന് പിന്നിലെ സംഭവ വികാസങ്ങള്‍ പലരും അറിഞ്ഞിട്ടില്ല.
ഫെബ്രുവരി അഞ്ചാം തീയതി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാവായ ഹ്യുണ്ടായുടെ പാകിസ്ഥാന്‍ ഡീലര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും ഒരു ട്വീറ്റ് പോസ്റ്റ് ചെയ്യുന്നതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായതിനാല്‍ അതുമായി ബന്ധപ്പെട്ടതായിരുന്നു ട്വീറ്റ്. കശ്മരീരി സഹോദരങ്ങളുടെ ത്യാഗങ്ങള്‍ സ്മരിക്കുന്നുവെന്നും കശ്മീരിന്റെ സ്വാതന്ത്ര്യത്തിനെ പിന്തുണയ്ക്കുന്നുവെന്നും സൂചിപ്പിച്ചാണ് ഹ്യുണ്ടായ് ട്വീറ്റ് ചെയ്തത്.
ഹ്യുണ്ടായുടെ ട്വീറ്റ് വിഘടനവാദത്തെ പിന്തുണയ്ക്കുന്നതാണെന്ന വിമര്‍ശനം ഇന്ത്യക്കാരായ ട്വിറ്റര്‍ ഉപയോക്താക്കള്‍ വ്യാപകമായി ഉന്നയിച്ച് തുടങ്ങിയതോടെ ട്വീറ്റ് വലിയ ചര്‍ച്ചയായി. വിവാദം കൊഴുത്തതോടെ ഇന്ത്യക്കാര്‍ ഹ്യുണ്ടായ് വാഹനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ചില പ്രൊഫൈലുകള്‍ രംഗത്തെത്തി. സമാന അഭിപ്രായമുള്ള ചിലര്‍ ഇത് ഏറ്റെടുത്ത് പ്രചരിപ്പിച്ചതോടെ ബോയ്‌കോട്ട് ഹ്യുണ്ടായ് എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആകുകയായിരുന്നു. തുടര്‍ന്ന് വിവാദങ്ങള്‍ കനത്തപ്പോള്‍ ഹ്യുണ്ടായ് ഔദ്യോഗിക പ്രൊഫൈലില്‍ നിന്നും ട്വീറ്റ് നീക്കം ചെയ്തു.
അതേ ദിവസം തന്നെ കശ്മീരിന്റെ സ്വാതന്ത്ര്യത്തിന് ഒപ്പം ചേരുന്നുവെന്ന് കിയാ മോട്ടേഴ്‌സ് ട്വീറ്റ് ചെയ്തതും ഹ്യുണ്ടായ് ബഹിഷ്‌കരണത്തിന്റെ പശ്ചാത്തലത്തില്‍ വിവാദമായി. സ്ഥിതിഗതികള്‍ മനസിലാക്കി ട്വീറ്റ് പിന്‍വലിച്ചെങ്കിലും കിയാ മോട്ടേഴ്‌സിനുമെതിരെ വ്യാപക വിമര്‍ശനം ഉയരുകയായിരുന്നു. അതേസമയം തന്നെ സമാന സന്ദേശം മറ്റ് വാഹനനിര്‍മാതാക്കളും ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും വിവാദങ്ങളില്‍ അവയുടെ പേര് ചേര്‍ക്കപ്പെട്ടില്ല.
Story Highlights: reason behing hyundai and kia motors boycott twitter