എം.വി.ഡി. ഉദ്യോഗസ്ഥരുടെ ഇടപെടലില്ല; വാഹനങ്ങളുടെ ‘ആരോഗ്യം’ ഇനി യന്ത്രം പരിശോധിക്കും
വാഹനങ്ങളുടെ ആരോഗ്യം (ഫിറ്റ്‌നസ്) ഇനി മോട്ടോര്‍വാഹന വകുപ്പ് ഓഫീസര്‍മാര്‍ പരിശോധിക്കില്ല. ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററില്‍ യന്ത്രങ്ങള്‍ നോക്കും. 2023 മാര്‍ച്ചോടെ ഇതിന് തുടക്കമാകും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച് കരട് വിജ്ഞാപനമിറക്കി. നിലവിലെ മോട്ടോര്‍വാഹന വകുപ്പ് ടെസ്റ്റിങ് ഗ്രൗണ്ടുകള്‍ക്ക് പകരം സെന്റര്‍ കിട്ടുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.
പുകപരിശോധനാ കേന്ദ്രങ്ങള്‍പോലെ ടെസ്റ്റിങ് സെന്ററുകള്‍ സ്വകാര്യമേഖലയില്‍ നല്‍കാനുള്ള സാധ്യതയും ഇതിലുണ്ട്. പരിവാഹന്‍ സോഫ്റ്റ്വേറും പുകപരിശോധനാകേന്ദ്രങ്ങളും ബന്ധിപ്പിച്ചതുപോലെ ടെസ്റ്റിങ് സെന്ററുകളും ലിങ്ക് ചെയ്യും. അതിനാല്‍ മനുഷ്യ ‘ഇടപെടല്‍’ കുറയുമെന്നതാണ് പ്രത്യേകത. ഇരുചക്രവാഹനം, കാര്‍, സ്വകാര്യ ഓട്ടോ തുടങ്ങിയവയുടെ ഫിറ്റ്‌നസ് കാലാവധി 15 വര്‍ഷമാണ്. ഓട്ടോ, ടാക്‌സി, ബസ് അടക്കമുള്ളവ വര്‍ഷാവര്‍ഷം പുതുക്കണം.
നിലവില്‍ ഓണ്‍ലൈനില്‍ ഫീസടച്ച് ടെസ്റ്റിങ് ഗ്രൗണ്ടില്‍ വാഹനങ്ങളുമായി എത്തണം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധിച്ച് ഫിറ്റ്‌നസ് നല്‍കും. ഇതാണ് ഇനി മാറുന്നത്. സെന്ററുകളില്‍ കംപ്യൂട്ടര്‍ സാങ്കേതികത്വമുള്ള മെഷീന്‍ വാഹനങ്ങളുടെ ക്ലച്ച്, ബ്രേക്ക് ഉള്‍പ്പെടെ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ആശ്വാസം, ആശങ്ക
ചില ഉദ്യോഗസ്ഥരുടെ ‘ഇടപെടലുകള്‍’ സെന്റര്‍ വരുന്നതോടെ ഒഴിവാകുമെന്നത് വാഹന ഉടമകള്‍ക്ക് ആശ്വാസമാണ്. സ്വകാര്യ ഏജന്‍സി വഴിയാകുമ്പോള്‍ ഫീസ് കൂടുമെന്ന ആശങ്കയുമുണ്ട്. ഓഫീസര്‍മാര്‍ ഫിറ്റ്‌നസ് പരിശോധനയില്‍നിന്ന് ഒഴിവാക്കപ്പെടുന്നതില്‍ മോട്ടോര്‍വാഹനവകുപ്പിനും ആശങ്കയുണ്ട്. വാഹന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കുമെന്നതിനാല്‍ പിഴയടക്കമുള്ളവ കൃത്യമായി അടച്ചില്ലെങ്കില്‍ ഉടമയ്ക്ക് വാഹനം റോഡിലിറക്കാനാകില്ല.
നിലവില്‍ ഫിറ്റ്‌നസ് കാലാവധി ഒരു ദിവസം കഴിഞ്ഞാല്‍ ബൈക്ക്, ഓട്ടോ അടക്കം 3000 രൂപ പിഴയടയ്ക്കണം. റോഡിലെ അമിതവേഗക്കാരെ പിടിക്കാനുള്ള ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്മെന്റ് ക്യാമറാ സംവിധാനം നിലവിലുണ്ട്. ക്യാമറ വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കിവരികയാണ്.
Content Highlights: Automated testing centre for check old vehicle, Vehicle Fitness test, MVD Kerala