ഏഷ്യയില്‍ ആദ്യം; മെറ്റാവേഴ്സില്‍ വിവാഹം നടത്തി തമിഴ് ദമ്പതികള്‍
മെറ്റാവേഴ്സ് സാങ്കേതിക വിദ്യകള്‍ പരിണാമത്തിന്റെ ആദ്യഘട്ടത്തിലാണെങ്കിലും മെറ്റാവേഴ്സിന്റെ സാധ്യതകള്‍ ഇതിനകം പല മേഖലകളില്‍ പരീക്ഷിക്കപ്പെടുന്നുണ്ട്. ഇവിടെയിതാ മെറ്റാവേഴ്സില്‍ വെച്ച് ഒരു വിവാഹ ചടങ്ങ് നടത്തിയിരിക്കുകയാണ് തമിഴ് ദമ്പതികള്‍. ദിനേഷ് എസ്പി, ജനകനന്ദിനി രാമസ്വാമി എന്നിവരുടെ വിവാഹം ഫെബ്രുവരി ആറിന് തമിഴ്നാട്ടിലെ ചെറുഗ്രാമമായ ശിവലിംഗപുരത്ത് വെച്ചാണ് നടന്നത്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിര്‍ച്വല്‍ ലോകത്ത് വെച്ച് വിവാഹത്തില്‍ പങ്കെടുക്കാനായി.
വിര്‍ച്വല്‍ റിയാലിറ്റി, ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യകളുടെയെല്ലാം സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന ത്രിഡി ലോകമാണ് മെറ്റാവേഴ്സ്. അനുബന്ധ ഉപകരണങ്ങളുടെ സഹായത്തോടെ മെറ്റാവേഴ്സില്‍ പ്രവേശിക്കുന്നവര്‍ക്ക് മറ്റുള്ളവരെ കാണാനും പരസ്പരം സംസാരിക്കാനും സാധിക്കും. എല്ലാവര്ക്കും സ്വന്തമായി അവതാറുകളും ഉണ്ടാവും.
കോവിഡ് നിയന്ത്രണങ്ങളുടെ ഫലമായി വിവാഹച്ചടങ്ങുകള്‍ക്ക് ആളുകളുടെ എണ്ണം പരിമിതപ്പെടുത്താന്‍ നിര്‍ബന്ധിതനായതോടെയാണ് നാട്ടില്‍വെച്ച് കുറച്ചുപേരെ പങ്കെടുപ്പിച്ച് വിവാഹം നടത്താനും റിസപ്ഷന് വിര്‍ച്വലായി മെറ്റാവേഴ്സില്‍ വെച്ച് നടത്താനും തീരുമാനിച്ചത് എന്ന് ദിനേശ് പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി ബ്ലോക്ക്ചെയ്ന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ദിനേശ്.