വാട്ടര്‍ അതോറിറ്റിയുടെ അധിക വാട്ടര്‍ ബില്ല്;ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കുന്ന അറിയിപ്പ്
വാട്ടര്‍ അതോറിറ്റിയുടെ അധിക വാട്ടര്‍ ബില്ല് ലഭിക്കുന്നതായി പൊതുജനങ്ങളില്‍ നിന്ന് നിരവധി പരാതികള്‍ ലഭ്യമായിട്ടുണ്ട്. ഇതിന്റെ ഒരു കാരണം കേടായ മീറ്ററായിരിക്കാം. എന്നാല്‍ പല പരാതികളിലും പ്രധാന കാരണം വീട്ടുകാര്‍ ശ്രദ്ധിക്കാതെ പോകുന്ന അണ്ടര്‍ഗ്രൗണ്ട് ചോര്‍ച്ചയാണ്.
അതായത് മീറ്റര്‍ ഘടിപ്പിച്ച ഭാഗത്തിനു ശേഷം വീടിനുള്ളില്‍ ചോര്‍ച്ച സംഭവിച്ചതു മൂലം ആണ് മിക്ക പരാതികളിലും പറഞ്ഞിട്ടുള്ള ചോര്‍ച്ച സംഭവിച്ചിരിക്കുന്നത്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് വാട്ടര്‍ അതോറിറ്റിയുടെ പതിവില്‍ കവിഞ്ഞ ഭീമമായ ബില്ല് വരുമ്പോള്‍ മാത്രമാണ് ഇക്കാര്യം പൊതുജനം മനസ്സിലാക്കുക. പലപ്പോഴും റീഡിംഗ് എടുക്കാന്‍ വരുന്നവര്‍ ആ സമയത്തെ റീഡിംഗ് മാത്രമേ ശ്രദ്ധിക്കുന്നുള്ളു എന്നതുകൊണ്ട് പതിവില്‍ കവിഞ്ഞ ഉപയോഗം അവരുടെ ശ്രദ്ധയില്‍ പെടില്ല.
ഇതിനുള്ള ഏകപരിഹാരം കഴിയുമെങ്കില്‍ എല്ലാ ദിവസവും ഉപയോക്താക്കള്‍ തന്നെ തങ്ങളുടെ മീറ്റര്‍ പരിശോധിക്കുക എന്നതാണ്. ഉപയോഗിക്കാതിരിക്കുന്ന സമയത്ത് മീറ്റര്‍ കറങ്ങുന്നുണ്ടെങ്കിലോ, ഉപയോഗത്തില്‍ കൂടുതലായി മീറ്റര്‍ കറങ്ങുന്നുണ്ടെങ്കിലോ അടിയന്തിരമായി വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ലീക്കേജ് ആനുകൂല്യം നല്‍കാറുണ്ടെങ്കിലും വളരെ അധികം സാമ്പ ത്തിക ചെലവ് വഹിച്ചാണ് വെള്ളം ശുദ്ധീകരിക്കുന്നത് എന്നതിനാല്‍ ഈ ബില്ല് ഒഴിവാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിഞ്ഞെന്നു വരില്ല. ഉപഭോക്താക്കള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.