അയ്യപ്പൻകോവിലിൽ ഒഴുകിനടക്കുന്നു വിനോദസഞ്ചാര സാധ്യതകൾ
കട്ടപ്പന : മൂന്നുവർഷം മുമ്പ് അയ്യപ്പൻകോവിൽ ജലാശയം വറ്റിവരളുമായിരുന്നു. എന്നാൽ, 2018-ലെ മഹാപ്രളയത്തിനുശേഷം വർഷംമുഴുവൻ ജലാശയം നിറഞ്ഞുകിടക്കുകയാണ്. ജലസമൃദ്ധമായ ഇവിടെ വലിയ വിനോദസഞ്ചാര സാധ്യതകളാണ് ഒഴുകി നടക്കുന്നത്.
കാഞ്ചിയാർ, അയ്യപ്പൻ കോവിൽ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ജലാശയമാണ് ഇത്. ഇടുക്കി പദ്ധതിയുടെ വൃഷ്ടി പ്രദേശം. ഇടുക്കിയിൽ ജലനിരപ്പുകൂടുമ്പോൾ ഇവിടെയും ജല സമൃദ്ധമാകും. വേനലിൽ വറ്റിവരളും. എന്നാൽ, ഇപ്പോൾ വേനലിലും പ്രദേശത്തുനിന്ന് വെള്ളം ഇറങ്ങാറില്ല.
തുറക്കാം പുതിയ സാധ്യതകൾ
ഒക്ടോബറിൽ അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലാശയത്തിൽ കയാക്കിങ് നടത്തിയിരുന്നു. എന്നാൽ, പ്രതികൂല കാലാവസ്ഥയും വിവിധ വകുപ്പുകളുടെ അനുമതി നേടുന്നതുമായി ബന്ധപ്പെട്ട തർക്കവുംമൂലം കയാക്കിങ് നിർത്തിവെയ്ക്കുകയായിരുന്നു. നിലവിൽ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള വള്ളങ്ങൾ ജലാശയത്തിലൂടെ സഞ്ചരിക്കുന്നുണ്ട്.
അയ്യപ്പൻകോവിൽ തൂക്കുപാലം കാണാനെത്തുന്ന സഞ്ചാരികളിൽ പലരും ഇങ്ങനെയുള്ള വള്ളങ്ങളിൽ പണംനൽകി സഞ്ചരിക്കാറുണ്ട്. ജലാശയത്തിൽ വളർന്നുനിൽക്കുന്ന മുളങ്കാടുകൾക്ക് ഇടയിലൂടെ വള്ളത്തിൽ സഞ്ചരിക്കുന്നത് മനോഹരമായ അനുഭവമാണ്.വർഷം മുഴുവൻ കയാക്കിങ് ഉൾപ്പെടെയുള്ള വിനോദങ്ങൾ ഒരുക്കി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാകും. അതുവഴി പ്രദേശവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങളും ലഭിക്കും.