കേന്ദ്ര ബജറ്റ്: ഇടുക്കി ജില്ലയ്ക്കില്ല ഉണർവേകും പ്രഖ്യാപനങ്ങൾ
ജില്ലയിലെ കാർഷിക മേഖലയ്ക്കു ഉണർവേകുന്ന പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമില്ലാത്ത ഒരു കേന്ദ്ര ബജറ്റ് കൂടി കടന്നുപോയി. രാസവള സബ്സിഡി 1,40122 കോടി, ഇപ്പോൾ 1,05122 കോടിയാക്കി കുറച്ചു. 34,900 കോടിയാണ് കുറവ്. യൂറിയയ്ക്കു പോലും സബ്സിഡിയിൽ 12,000 കോടിയുടെ കുറവുണ്ട്. 75,930 കോടിയുണ്ടായിരുന്നത് ഈ ബജറ്റിൽ 63,222 കോടിയായി കുറഞ്ഞിരിക്കുന്നു. രാസവള വില വർധന ജില്ലയെ പ്രതികൂലമായി ബാധിക്കും.
തേയില പാക്കേജ് ഇത്തവണയും ഇല്ല
തേയില പാക്കേജിൽ ഇത്തവണയും നിരാശ. രാജ്യത്ത് ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ കേരളത്തെയും തമിഴ് നാടിനെയും ഒഴിവാക്കി ബംഗാളിനും അസമിനുമായി കഴിഞ്ഞ ബജറ്റിൽ തേയില തോട്ടം പാക്കേജ് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. കേരളത്തിലെ തേയില തോട്ടം മേഖലയ്ക്കായി ഇത്തവണ പ്രത്യേക പദ്ധതികൾ ഉണ്ടാവുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും നിരാശയാണു ഫലം.
ടീ ബോർഡിന്റെ വിഹിതത്തിൽ വലിയ കുറവ്
∙ ടീ ബോർഡിനുള്ള വിഹിതത്തിൽ വലിയ കുറവാണു ബജറ്റിൽ വരുത്തിയത്. കഴിഞ്ഞ ബജറ്റിൽ 353.65 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഇക്കുറി ടീ ബോർഡിന് അനുവദിച്ചിരിക്കുന്നത് വെറും 131.92 കോടി രൂപ. കോഫി ബോർഡിനും റബർ ബോർഡിനും തുക കൂട്ടിയിട്ടുണ്ട്. സ്പൈസസ് ബോർഡിന് അനുവദിച്ച തുകയിൽ മാറ്റമില്ല.