ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന കെ. ചപ്പാത്ത്- ശാന്തിപ്പാലം റോഡ് നിർമാണത്തിൽ അടിമുടി അപാകത.
ഉപ്പുതറ- വണ്ടിപ്പെരിയാര്‍ റോഡിന്‍റെ ഭാഗമാണ് ചപ്പാത്ത്- മരുതുംപേട്ട- ശാന്തിപ്പാലം റോഡ്. വണ്ടിപ്പെരിയാര്‍, കുമളി പ്രദേശങ്ങളിലേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സാധിക്കുന്ന റോഡ് വര്‍ഷങ്ങളായി അവഗണനയുടെ വക്കിലാണ്. വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡ് നന്നാക്കാന്‍ തെരഞ്ഞെടുപ്പ് സമയത്ത് അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിച്ചിരുന്നു. ഇലക്ഷന്‍ സമയത്ത് ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ അറ്റവും മൂലയും ടാര്‍ ചെയ്തതോടെ ഫണ്ട് തീര്‍ന്നെന്ന കാരണം പറഞ്ഞ് നിര്‍മാണം നിലച്ചു.
നിലവില്‍ മരുതുംപേട്ട ഫാക്ടറി മുതല്‍ സൊസൈറ്റിവരെയുള്ള ഭാഗം പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ചെറിയ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും കടന്നു പോകാന്‍ കഴിയാത്ത വിധം റോഡ് തകര്‍ന്നിട്ടും അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല.
തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തും അയ്യപ്പൻകോവിൽ പഞ്ചായത്തും ഫണ്ട് വകയിരുത്തി നിർമാണം ആരംഭിച്ചെങ്കിലും റോഡിലെ വലിയ കുഴികള്‍ അടക്കാതെ ടാറിങ് പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് കരാറുകാര്‍. കുഴികള്‍ കുറവുള്ള ഭാഗം മാത്രം ടാര്‍ ചെയ്യുകയും കുഴികള്‍ കൂടുതലുള്ളതും ഗതാഗതം ദുസഹമായതുമായ ഭാഗത്ത് അറ്റകുറ്റപ്പണി പോലും നടത്താതെയും നിര്‍മാണം നിര്‍ത്താനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
റോഡ് ടാറിങ്ങിനും ഐറിഷ് മോഡല്‍ ഓടക്കുമായിട്ടാണ് പണം അനുവദിച്ചിരിക്കുന്നത്. നിലവില്‍ 300 മീറ്ററില്‍ താഴെ മാത്രമാണ് റോഡ് ടാര്‍ ചെയ്തിരിക്കുന്നത്. അനുവദിച്ച തുകക്കുള്ള നിര്‍മാണം പോലും ഇവിടെ നടന്നിട്ടില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി വിജിലൻസ് അടക്കമുള്ളവർക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് പ്രദേശവാസികൾ.