ഹോം അപ്ലയൻസസ് സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി ജീവനക്കാരൻ മരിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണവുമായി വിവരാവകാശ പ്രവർത്തകൻ.പൊലീസിനെയും ,വൈദ്യുത ബോർഡ് ജീവനക്കാരെയും പണം കൊടുത്ത് ഒതുക്കിയ സ്ഥാപന ഉടമ നിയമം വിലയ്ക്കുവാങ്ങിയെന്നും ആക്ഷേപം …
2021 നവംബറിലാണ് കെ എസ് ഇ ബി കട്ടപ്പന സെക്ഷൻ ഓഫീസിലെ ലൈൻമാൻ എം വി ജേക്കബ് നഗരത്തിൽ ഗാന്ധി സ്ക്വയറിന് സമീപത്ത് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നടത്തിയ ജോലിക്കിടെ പൊടുന്നനെ എങ്ങനെ വൈദ്യുതി പോസ്റ്റിലേയ്ക്ക് പ്രവഹിച്ചുവെന്ന അന്വേഷണത്തിലാണ് സമീപത്തുള്ള ഹോം അപ്ലയൻസസ് സ്ഥാപനത്തിൽ പ്രവർത്തിപ്പിച്ച ജനറേറ്ററിൽ നിന്നാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തിയത്.
ലൈസൻസ് ഇല്ലാതെയാണ് ഈ സ്ഥാപനം ജനറേറ്റർ പ്രവർത്തിപ്പിച്ചതെന്നും അന്വേഷണം നടത്തിയ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നേരിട്ടെത്തി ബോധ്യപ്പെട്ടിരുന്നു.ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ അന്വേഷണം സുഗമമായി നടന്നെങ്കിലും പിന്നീട് വഴിമുട്ടി.സ്ഥാപന ഉടമ ലക്ഷങ്ങൾ മുടക്കി അന്വേഷണ ഉദ്യോഗസ്ഥരെയും,കട്ടപ്പനയിലെ രാഷ്ട്രീയക്കാരെയും സ്വാധീനിച്ചെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നിരുന്നു. ഇത് ശക്തിപ്പെടുത്തുന്ന ആരോപണമുന്നയിച്ചാണ് ബി ജെ പി ജില്ലാ സെക്രട്ടറിയും, വിവരാവകാശ പ്രവർത്തകനുമായ കെ.ആർ സുനിൽകുമാർ രംഗത്ത് എത്തിയിരിക്കുന്നത്.
ബോധപൂർവ്വമായ നരഹത്യയാണെന്ന് ബോധ്യപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകൾ ചേർത്ത് അന്വേഷണം നേർവഴിയ്ക്ക് നടത്താൻ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. നിയമ സംവിധാനത്തെ പണവും, ബന്ധങ്ങളും ഉപയോഗിച്ച് സ്വാധീനിച്ചപ്പോൾ തീരനഷ്ടം സംഭവിച്ച ജോർജിന്റെ കുടുംബത്തെ അവഗണിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയിട്ടും കേസ് മുൻപോട്ട് കൊണ്ടുപോകാൻ അന്വേഷണ ഉദ്യോഗസ്ഥന് കഴിയാത്തത് ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലാണെന്നും സുനിൽകുമാർ പറഞ്ഞു. സമാന കേസുകളിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഒരു സർക്കാർ ജീവനക്കാരൻ മരിച്ച സംഭവമായിട്ടും പ്രതിയായ ഉന്നതനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് നിഗൂഡമാണെന്നും സുനിൽകുമാർ കട്ടപ്പനയിൽ പറഞ്ഞു.