അമിതവേഗക്കാർ സൂക്ഷിച്ചോ, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തും;ജില്ലയിൽ റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ വർധന;കഴിഞ്ഞ മാസം മാത്രം റോഡ് അപകടങ്ങളിൽ മരിച്ചത് 10 പേർ
ജില്ലയിൽ റോഡപകടങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ മാസം ജില്ലയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിലായി 10 പേരാണ് മരിച്ചത്. പുതുവർഷം ആരംഭിച്ച് ഒരുമാസം മാത്രമാകുമ്പോഴാണ് ഇത്രയധികം ജീവനുകൾ നിരത്തുകളിൽ പൊലിഞ്ഞത്. കുമളി–മൂന്നാർ സംസ്ഥാന പാതയുടെ ഭാഗമായ നെടുങ്കണ്ടം ടൗണിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 3 അപകടമരണങ്ങളാണ്. കഴിഞ്ഞവർഷം ജില്ലയിൽ 967 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
വിവിധ അപകടങ്ങളിലായി 41 പേർ മരിച്ചു. ഗുരുതര പരുക്കേറ്റവരും ഏറെ. ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലാണ് അപകടങ്ങൾ കൂടുതലും. അമിതവേഗം, അശ്രദ്ധ എന്നിവയാണ് അപകടങ്ങൾക്കു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തരത്തിൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിലേറെയും യുവാക്കളാണ്. അമിതവേഗത്തിൽ ഇരുചക്രവാഹനമോടിച്ച് അപകടത്തിൽപെടുന്ന കൗമാരക്കാരുടെ എണ്ണവും വർധിച്ചുവരികയാണ്. വാഹനപ്പെരുപ്പവും റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും അപകടങ്ങൾക്കു കാരണമാകുന്നു. ഹൈറേഞ്ചിലെ പല റോഡുകൾക്കും ആവശ്യമായ വീതിയോ വശങ്ങളിൽ സംരക്ഷണ ഭിത്തിയോ ഇല്ല.
റോഡിലെ കുഴികളിൽ വീണും കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നതിനിടെയും അപകടമുണ്ടായ സംഭവങ്ങളും ഒട്ടേറെ. വേണ്ടത്ര വിശ്രമമില്ലാതെ വാഹനമോടിക്കുന്നത്, മദ്യപിച്ചുള്ള ഡ്രൈവിങ്, രാത്രി ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തത്, ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം എന്നിവയെല്ലാം അപകടങ്ങൾക്കു വഴിതെളിക്കുന്നുണ്ട്. വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് മോട്ടർ വാഹന വകുപ്പും പൊലീസും.
അമിതവേഗക്കാർ സൂക്ഷിച്ചോ, മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തും
ജില്ലയിൽ വർധിച്ചു വരുന്ന റോഡപകടങ്ങൾക്കു തടയിടാൻ വിവിധ പദ്ധതികളുമായി മോട്ടർ വാഹനവകുപ്പ്. പരിശോധനകളും ബോധവൽക്കരണവും ശക്തമാക്കുന്നതോടൊപ്പം ജനപ്രതിനിധികൾ, വ്യാപാരികൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി ഗതാഗത നിയമലംഘനങ്ങൾ തടയാനുള്ള നടപടികളിലേക്കു നീങ്ങുകയാണ് അധികൃതർ. ജില്ലയിൽ ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾ സംബന്ധിച്ച വിവരങ്ങൾ വിഡിയോ/ചിത്രങ്ങൾ വഴി അധികൃതരെ അറിയിക്കാൻ വ്യാപാരികൾക്കു നിർദേശം നൽകിയിട്ടുണ്ട്.
പവർ കൂടിയ ബൈക്കുകൾ ഉപയോഗിക്കുന്നവർ, അപകടങ്ങൾക്ക് കാരണമാകുന്ന തരത്തിൽ അമിതവേഗത്തിൽ വാഹനമോടിക്കുന്നവർ എന്നിവരുടെ വിവരങ്ങൾ മോട്ടർ വാഹനവകുപ്പ് ശേഖരിക്കുന്നുണ്ട്. ഇവരുടെ വീടുകളിൽ നേരിട്ടെത്തി രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും ബോധവൽക്കരണം നടത്താനാണ് തീരുമാനമെന്നും ഇടുക്കി ആർടിഒ ആർ. രമണൻ പറഞ്ഞു.
ഡ്രൈവിങ് ടെസ്റ്റിന് വരുന്നവർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ക്ലാസുകൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് തലത്തില്‍ ജനപ്രതിനിധികൾ, വ്യാപാരികൾ, പൊലീസ് എന്നിവരെ ഉൾപ്പെടുത്തി യോഗം ചേരാൻ തീരുമാനിച്ചു. ജോയിന്റ് ആർടിഒമാർ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിവരെ പങ്കെടുപ്പിച്ച് ഓൺലൈനായി യോഗം ചേർന്ന് തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും ആർടിഒ പറഞ്ഞു.