നെടുങ്കണ്ടത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുറക്കുന്നു
നെടുങ്കണ്ടം ∙ ഉടുമ്പൻചോല താലൂക്കിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ നെടുങ്കണ്ടത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുറക്കാൻ ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനം അവസാനിപ്പിച്ചത് മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഇതിനെ തുടർന്നാണ് നടപടി. ഇതിനായി കരുണ ആശുപത്രി ജില്ല ഭരണകൂടം ഏറ്റെടുത്തു നെടുങ്കണ്ടം പഞ്ചായത്തിന് കൈമാറിക്കൊണ്ട് ജില്ല കലക്ടർ ഉത്തരവിറക്കി. സിഎഫ്എൽടിസിയുടെ പ്രവർത്തനത്തിനായി നെടുങ്കണ്ടം പഞ്ചായത്ത് ചെലവാക്കിയ 1.16 കോടി രൂപയിൽ 22.97 ലക്ഷം രൂപയും ജില്ല കലക്ടർ അനുവദിച്ച് നൽകി.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും ഒമിക്രോൺ ഭീഷണി നിൽക്കുന്നതിനാലും കരുണ ആശുപത്രി ഏറ്റെടുത്ത് സിഎഫ്എൽടിസി ആരംഭിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനായി പഞ്ചായത്ത് ജില്ല കലക്ടർക്ക് കത്ത് നൽകിയിരുന്നു. കരുണ ആശുപത്രി സിഎഫ്എൽടിസിയാക്കി മാറ്റുന്നതിന് തടസ്സങ്ങളില്ലെന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യനും റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് സിഎഫ്എൽടിസി ആരംഭിക്കാൻ കലക്ടർ ഉത്തരവ് നൽകിയത്. കോവിഡ് ബാധിച്ച് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവുന്നവർ കോട്ടയത്തെയോ ഇടുക്കിയിലേയോ മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.
നിലവിലെ അവസ്ഥ ഗുരുതരമായിട്ടും സിഎഫ്എൽടിസി ആരംഭിക്കാൻ ഉത്തരവ് ഉണ്ടാകാതിരുന്നത് പഞ്ചായത്തിൽ ചേർന്ന് സർവകക്ഷിയോഗത്തിലും വിമർശനങ്ങൾക്ക് കാരണമായിരുന്നു. കഴിഞ്ഞ തവണ സിഎഫ്എൽടിസിക്കായി ചെലവിട്ട തുക തിരികെ ലഭിക്കാതിരുന്നതിനാൽ പഞ്ചായത്തും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കോവിഡ് വ്യാപനം നിയന്ത്രണത്തിലായതോടെ 2021 ഒക്ടോബർ 31നു കരുണ ആശുപത്രിയിലെ സിഎഫ്എൽടിസിയുടെ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 2020 ഏപ്രിലിലാണ് പൂട്ടി കിടന്നിരുന്ന കരുണ ആശുപത്രി ഇടുക്കി രൂപത വിട്ടുനൽകിയത്.
തുടർന്ന് നെടുങ്കണ്ടം പഞ്ചായത്ത് സിഎഫ്എൽടിസിയും പരിശോധന കേന്ദ്രവും ആരംഭിച്ചു. 13 ഓക്സിജൻ ബെഡ് അടക്കം 59 കിടക്കകളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഡോക്ടർമാർ അടക്കം 40 ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നു. രോഗികൾക്ക് ആവശ്യമായ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ താലൂക്ക് ആശുപത്രിയിൽ നിന്നാണ് ലഭ്യമാക്കിയിരുന്നത്. എന്നാൽ സിഎഫ്എൽടിസി പ്രവർത്തിപ്പിക്കുന്നതിനായി ജീവനക്കാരെ ആരോഗ്യ വകുപ്പ് ഇനിയും അനുവദിച്ച് നൽകിയിട്ടില്ല.