നാട്ടുവാര്‍ത്തകള്‍
ട്രൈബൽ സ്കൂൾ നിർമാണത്തിൽ അപാകമെന്ന് ആരോപണം
കട്ടപ്പന : തുമ്പിക്കരപ്പടി-ട്രൈബൽ സ്കൂൾ റോഡ് നിർമാണത്തിൽ അപാകത എന്ന് ആരോപണം. എം.എൽ.എ. ഫണ്ടിൽനിന്നും അഞ്ച് ലക്ഷം രൂപ അനുവദിച്ചാണ് തുമ്പിക്കരപ്പടി-ട്രൈബൽ സ്കൂൾ റോഡ് കോൺക്രീറ്റിങ്ങ് ജോലികൾ നടന്നത്.
എന്നാൽ നിർമാണത്തിൽ വലിയതോതിലുള്ള അപാകതയാണ് ഉണ്ടായിരിക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. കോൺക്രീറ്റിന് ആവശ്യമായ കനം ഇല്ലെന്നും വെള്ളം ഒഴുകാനുള്ള സൗകര്യം ഒരുക്കിയിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു.
മുൻപ് റോഡിന്റെ വശത്തുണ്ടായിരുന്ന ഓടയടക്കം മൂടിപ്പോയതോടെ വെള്ളം കുത്തിയൊഴുകുമ്പോൾ റോഡ് തകരാൻ സാധ്യതയും കൂടുതലാണ്. നിർമാണത്തിലെ അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പൊതുമരാമത്ത് ഓഫീസ് ധർണ ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ പറയുന്നു.