വൈദ്യുത സ്വയം പര്യാപ്തതയ്ക്ക് സൗരോര്‍ജ്ജ ഉല്പ്പാദനം അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിന്
സൗരോര്‍ജ്ജ ഉല്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ വൈദ്യുതമേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കെ എസ് ഇ ബി സൗരപദ്ധതി പ്രകാരം നടപ്പാക്കുന്ന മൂന്ന് കിലോവാട്ട് പുരപ്പുറ സോളാര്‍ പ്ലാന്റ് പദ്ധതിയുടെ ഇടുക്കി നിയോജക മണ്ഡലംതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയിലും വൈദ്യുതി അനിവാര്യമായ ഘട്ടത്തില്‍ പരമ്പര്യേതര ഊര്‍ജ്ജ സംരക്ഷണം ആവശ്യമാണ്. സംസ്ഥാനത്തെ സൗരോര്‍ജ്ജ ഉത്പാദന ശേഷി 1000 മെഗാവാട്ട് എത്തിയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തിയുള്ള സൗരപദ്ധതിയുടെ ഭാഗമായി വീടുകളില്‍ സബ്‌സിഡിയോടെ നടപ്പാക്കുന്ന പുരപ്പുറ പ്ലാന്റ് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈനായി സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തിനു വിട്ടുകിട്ടിയ സ്‌കൂളുകളുടെ ആവശ്യത്തിനുള്ള സൗരോര്‍ജ്ജം ഉല്പാദിപ്പിക്കുവാന്‍ സ്‌കൂളുകളില്‍ സബ്‌സിഡി നിരക്കില്‍ സോളാര്‍ പാനല്‍ വയ്ക്കുവാന്‍ ജില്ലാ പഞ്ചായത്ത് സന്നദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. കട്ടപ്പന ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയശ്രീ ദിവാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വീടുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്ന പുരപ്പുറ പ്ലാന്റ് സബ്‌സിഡി പദ്ധതി പ്രകാരം മൂന്ന് കിലോവാട്ട് വരെ 40 ശതമാനവും മൂന്ന് മുതല്‍ 10 കിലോവാട്ട് വരെ 20 ശതമാനവും സബ്‌സിഡി ലഭിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി നടപ്പാക്കുന്ന പദ്ധതി പ്രകാരം സ്ഥാപിക്കുന്ന പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഗാരന്റിയാണ് കമ്പനി നല്കുന്നത്. ഒരു വര്‍ഷം ശരാശരി ഒരു കേന്ദ്രത്തില്‍ നിന്ന് ഒരു കിലോവാട്ടിന് 4 യൂണിറ്റ് പ്രതിദിനം ഉല്പാദനം കണക്കാക്കി മൂന്നര വര്‍ഷം കൊണ്ട് മുടക്കുമുതല്‍ വൈദ്യുത ചാര്‍ജ്ജിനത്തില്‍ ഉപഭോക്താവിന് ലഭിക്കും. കൂടാതെ അധികമായി ഉല്പ്പാദിപ്പിക്കുന്ന വൈദ്യുതി ബോര്‍ഡിന് യൂണിറ്റ് അടിസ്ഥാനത്തില്‍ നിശ്ചിത വിലയ്ക്ക് നല്കുകയും ചെയ്യാം. ഇടുക്കി ജില്ലയില്‍ 21 സ്ഥലങ്ങളിലായി സബ്‌സിഡി സ്‌കീമിലെ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുന്നു. ഇതില്‍ ഇടുക്കി നിയോജക മണ്ഡലത്തില്‍ 4 പ്ലാന്റുകള്‍ പൂര്‍ത്തീകരിച്ചു. മണിയാറന്‍കുടി ഇടശ്ശേരില്‍ ജോസ് എന്ന ഉപഭോക്താവ് പൂര്‍ത്തീകരിച്ച പ്ലാന്റിന്റെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.
ഉദ്ഘാടന പരിപാടിയ്ക്ക് തൊടുപുഴ ഇലക്ടിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ്.ഡി സ്വാഗതമാശംസിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, ജില്ലാ ആസൂത്രണ ഉപസമിതി അധ്യക്ഷന്‍ സി. വി. വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമ പഞ്ചായത്തംഗം സെലിന്‍ വില്‍സണ്‍, സൗര പ്രോജക്ട് എഞ്ചിനീയര്‍ രതീഷ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.