ദേവികുളം താലൂക്ക് ഓഫീസ് ഇനി ഇ-ഓഫീസ്

ദേവികുളം താലൂക്ക് ഓഫീസില്‍ ഇനി മുതല്‍ ഇ-ഓഫീസ് സംവിധാനം. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ആദ്യ ഫയല്‍ ദേവികുളം തഹസില്‍ദാര്‍ക്ക് അയച്ചുകൊണ്ട് ഇ-ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചു. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യം വച്ച് സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ നിരവധി സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് കേരളത്തില്‍ ഇ-ഓഫീസ് ലക്ഷ്യം വയ്ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പ്രവര്‍ത്തനം.
ദേവികുളം മിനി സിവില്‍ സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിന് ദേവികുളം തഹസില്‍ദാര്‍ ഷാഹിന രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ മുഖ്യ അതിഥിയായിരുന്നു. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ രാജീവ്, തുടങ്ങി ദേവികുളത്തെ റവന്യു ഓഫീസുകളിലേയും കളക്ടറേറ്റിലേയും ജീവനക്കാര്‍ ഓണ്‍ലൈനായി പങ്കെടുത്തു.