കുളിരുള്ള നാട് നീലക്കുറിഞ്ഞിയുടെ വീട്
വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടേയും വരയാടിന്റേയും നാടാണ് മൂന്നാർ. താപനില മൈനസിലേക്ക് എത്തുന്ന ഇടം. ഇരവികുളം ദേശീയോധ്യാനത്തിന്റെ ഭാഗമായ രാജമലയാണ് നീലക്കുറിഞ്ഞിക്കും വരയാടിനും പേരുകേട്ട സ്ഥലം. മാട്ടുപ്പെട്ടിയിലേയും കുണ്ടളയിലേയും ബോട്ടിങ്, മനോഹരമായ ടോപ്പ് സ്റ്റേഷൻ, ഗ്യാപ് റോഡ് വ്യൂപോയിന്റ്, ആനയിറങ്കൽ ഡാം, റോസ്ഗാർഡൻ, എക്കോ പോയിന്റ്, ആറ്റുകാട് വെള്ളച്ചാട്ടം, നയമക്കാട് വെളളച്ചാട്ടം, പഴയ മൂന്നാർ ഹൈഡൽ പാർക്ക് അങ്ങനെ നിരവധി മനോഹര ദൃശ്യങ്ങൾ.
മറയൂരിലെ മായക്കാഴ്ചകൾ:മറയൂർ, കാന്തല്ലൂർ ഉൾപ്പെടുന്ന അഞ്ചു നാട് മേഖലകളിൽ വൈവിധ്യങ്ങളുടെ നിറ കാഴ്ചയാണ് ഇവിടെ പ്രകൃതി ഒരുക്കിയിരിക്കുന്നത്. തൂവാനം, കരിമൂട്ടി, കച്ചാരം, ഇരച്ചിൽ പാറ, അരുവി തൂവൽ, ലക്കം വെള്ളച്ചാട്ടങ്ങൾ, ചന്ദനക്കാടുകൾ, കരിമ്പിൻ പാടങ്ങൾ, ശീതകാല പച്ചക്കറി പഴവർഗ്ഗത്തോട്ടങ്ങൾ, ഭ്രമരം സൈറ്റ്, തേൻ പാറ, ഒറ്റമല, മുനിയറകൾ നിറഞ്ഞ മുരുകൻ മെഗാലിത്തിക് പാർക്കും ആനക്കോട്ടപ്പാറ പാർക്കും എല്ലാം കാഴ്ചയ്ക്ക് പുതിയ അനുഭവം നല്കുന്നു. പുലി, കടുവ, ആന, കാട്ടുപോത്ത് തുടങ്ങിയവയുടെ ആവാസ മേഖലയായ ചിന്നാർ വന്യജീവി സങ്കേതത്തിലെ വിവിധ ട്രക്കിങ്ങുകൾ, ചിന്നാർ സഫാരിജീപ്പ് ട്രക്കിങ് എന്നിവയും ആസ്വദിക്കാം. ചിന്നാർ വനത്തിനുള്ളിൽ നിരവധി ഹട്ടുകളും സഞ്ചാരികൾക്ക് താമസിക്കുവാനായി വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
തേക്കടി മനോഹരം:ആനക്കൂട്ടങ്ങൾ, അനന്തമായ മലനിരകൾ, വന്യജീവികൾ എന്നിവയാണ് തേക്കടിയെന്നോർക്കുമ്പോൾ സന്ദർശകരുടെ മനസ്സിൽ ഓടിയെത്തുന്നത്.തേക്കടിയിലെ ബോട്ടിങ്ങും ഇക്കോ ടൂറിസം പരിപാടികളും പ്രധാന ആകർഷണമാണ്. തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്.തേക്കടിയിലെ പെരിയാർ വനങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി സങ്കേതങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രകൃതിയും മലനിരകളും മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും നിറഞ്ഞ ഈ പ്രദേശം ട്രെക്കിങ്ങിനും മലകയറ്റത്തിനും പ്രസിദ്ധമാണ്.
വാഗമണ്ണും പാഞ്ചാലിമേടും:വാഗമൺ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. കോടയിറങ്ങുന്ന പൈൻകാടും മൊട്ടക്കുന്നുകളും ആസ്വദിക്കാൻ നിരവധി പേരാണ് എത്തുന്നത്. പെരുവന്താനം പഞ്ചായത്തിൽ ഐതിഹ്യ പെരുമ ഉറങ്ങുന്ന പാഞ്ചാലിമേടും പരുന്തുംപാറയുമുണ്ട്. അവിടെയും വിദേശികൾ അടക്കം നിരവധി പേർ എത്തുന്നുണ്ട്. പാഞ്ചാലിമേട്ടിലും പരുന്തുംപാറയിലും നിന്നാൽ പൊന്നമ്പലമേട്ടിൽ മകരജ്യോതി കാണാം. വണ്ടിപ്പെരിയാറിന് സമീപമുളള പുല്ലുമേട്ടിലും മകരജ്യോതിദർശിക്കാനാകും.