ആദ്യകാല കുടിയേറ്റ മണ്ണിൻ്റേയും അസ്ഥിത്വവും, വികസന സ്വപ്നങ്ങളും;പെരിയാർ: കുടിയേറ്റചരിതം
ഉപ്പുതറ: ഇടുക്കിയുടെ പൂരാതന ചരിതം ഇന്നും പൂർണമായും വായിക്കപ്പെട്ടിട്ടില്ല. ശിലായുഗ ശേഷിപ്പുകൾ പലയിടത്തു നിന്നും ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇടുക്കിയുടെ വളർച്ച തുടങ്ങുന്നത് കുടിയേറ്റത്തിലൂടെയാണ്. നൂറ്റാണ്ട് പിന്നിട്ട കുടിയേറ്റത്തിലൂടെ. ഇടുക്കി ജില്ല രൂപവത്കരിച്ചതിന് പിന്നിൽ പോലും കുടിയേറ്റ കർഷകരുടെ പ്രയത്നമാണ്.തേയിലത്തോട്ടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്നും മറ്റുമാണ് ആദ്യം ആളുകൾ കുടിയേറുന്നത്. എന്നാൽ, പിന്നെയായിരുന്നു ശരിക്കുള്ള കുടിയേറ്റം.നൂറ്റാണ്ട് പിന്നിട്ടു:1918-ലാണ് പാലാ, പൂഞ്ഞാർ പ്രദേശങ്ങളിൽ നിന്നും കർഷകർ ഉപ്പുതറയിലേക്ക് കുടിയേറിയത്. പുതിയാത്ത്, കാണക്കാലിൽ, എളൂപ്പാറ, വാലുമ്മേൽ, പൊടിപാറ, മേച്ചേരിൽ, കടുകുമ്മാക്കൽ, പൂവനാൽ, തുടങ്ങി നിരവധി കുടുംബങ്ങൾ കുടിയേറി. തൊട്ടു പിന്നാലെ പല ഘട്ടങ്ങളിലായി നൂറിലധികം കുടുംബങ്ങൾ ഉപ്പുതറയിലെത്തി. പെരിയാറിന്‍റെ പരിസര പ്രദേശങ്ങളിൽ തമ്പടിച്ചു.
കുടിപ്പളളിക്കൂടം, സർക്കാർ ഡിസ്പൻസറി തുടങ്ങി ഓരോന്നായി ഉണ്ടായി. സർവ്വ മതസ്ഥരിലും ഒരു മനസായിരുന്നു. പള്ളിയും, പള്ളിക്കൂടവും, പണിയുന്നതിലും, സർക്കാർ സ്ഥാപനങ്ങൾ കൊണ്ടുവരുന്നതിലും ജാതി മത ഭേദമന്യേ പ്രവർത്തിച്ചു. ഉപ്പുതറയിൽ കുടിയേറിയവരുടെ ബന്ധുക്കളും ,പിൻമുറക്കാരുമാണ് പിന്നീട് 1935 -50 കളിൽ അയ്യപ്പൻകോവിൽ ,കട്ടപ്പന, കാഞ്ചിയാർ ,ഇരട്ടയാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് കുടിയേറിയത് . കുടിയേറിയ കർഷകർ ഹൈറേഞ്ചിനെ സുഗന്ധ വ്യജ്ഞനങ്ങളുടേയും,, നാണ്യവിളകളുടയും നാടായി ഹൈറേഞ്ചിനെ മാറ്റിയെടുത്തു. അധ്വാനത്തിന്റെ തുടിതാളം മുഴക്കിയ ഉപ്പുതറയായിരുന്നു എല്ലാത്തിനും തുടക്കം. പിന്നെ പലയിടങ്ങളിലും കുടിയേറ്റം നടന്നു. ഊർജിത ഭക്ഷ്യോത്പാദന പദ്ധതി പ്രകാരമായിരുന്നു അതെല്ലാം.
ഉപ്പുതറക്കാരുടെ പ്രതിസന്ധി:ജില്ലയിലെ ആദ്യ പഞ്ചായത്തുകളിൽ ഒന്നാണ് ഉപ്പുതറയ ഇന്നത്തെ അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഇരട്ടയാർ പഞ്ചായത്തുകളും, കട്ടപ്പന നഗരസഭയും ഉപ്പുതറ പഞ്ചായത്തിൻ്റെ വാർഡുകളായിരുന്നു. ഇടുക്കി ജലവൈദ്യുത പദ്ധതിക്കു വേണ്ടി ടൗൺ ഉൾപ്പെടെ കുടിയൊഴിപ്പിച്ചതോടെ ഉപ്പുതറയുടെ നിറം മങ്ങി. 10 ചെയിൻ കെ.എസ്.ഇ .ബി ക്കു വേണ്ടെന്ന തീരുമാനത്തെ തുടർന്ന് മുൻപ് കുടിയൊഴിപ്പിച്ച ഉപ്പുതറ ടൗണിലെ ഭൂമി സർക്കാർ വീണ്ടും കർഷകർക്കു പതിച്ചു നൽകി .അപ്പോഴേക്കും നാടിന്റെ പുരോഗതി സാരമായി പിന്നോട്ടടിച്ചിരുന്നു. ഒരു നൂറ്റാണ്ടായി സ്വന്തമായിരുന്ന കർഷകന്റെ മണ്ണ് കൈവിട്ടുപോകുന്ന തീരുമാനങ്ങളും, ഉത്തരവുകളും മാണ് പിന്നീടുണ്ടായത്. വ്യവസ്ഥാപിതമായ തീരുമാനങ്ങളും രേഖകകളും ഉണ്ടെന്നിരിക്കെയാണ് ഒരു പ്രദേശത്തെ ജനങ്ങളെയാകെ വിഷമിപ്പിക്കുന്ന തീരുമാനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ആയിരക്കണക്കിന് കർഷകരുടേയും, വ്യാപാരികളുടേയും ജീവിതവും, ആദ്യകാല കുടിയേറ്റ മണ്ണിൻ്റേയും അസ്ഥിത്വവും, വികസന സ്വപ്നങ്ങളും ഇല്ലാതാക്കുന്ന തീരുമാനങ്ങൾ..ഇവിടെ എല്ലാമുണ്ട്, പക്ഷേ ഒന്നുമില്ല.