മുല്ലപ്പെരിയാര്‍ മരം മുറി: അനുമതി നല്‍കിയത് കൂടിയാലോചിച്ചെന്ന് ബെന്നിച്ചന് തോമസ്
തിരുവനന്തപുരം∙ മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേർന്നുള്ള 15 മരങ്ങള്‍ മുറിക്കാൻ ഉത്തരവിറക്കിയത് വനം-വന്യ ജീവി പ്രിൻസിപ്പൽ സെക്രട്ടറിയുമായും ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുമായും കൂടിയാലോചിച്ചാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്. തനിക്കു നൽകിയ കാരണം കാണിക്കൽ നോട്ടിസിനു മറുപടിയായാണ് ബെന്നിച്ചൻ ഇക്കാര്യം സർക്കാരിനെ അറിയിച്ചത്. മരംമുറിക്കാൻ അനുമതി നൽകിയതിനെ തുടർന്ന് സസ്പെൻഷനിലായ ബെന്നിച്ചൻ, സർവീസിൽ തിരിച്ചെടുത്തശേഷമാണ് സർക്കാരിനു മറുപടി നൽകിയത്.
മരം മുറി ഉത്തരവിറക്കിയ ശേഷം ഇ മെയിലൂടെയും പ്രത്യേക ദൂതൻ വഴിയും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നതായും വേണ്ട കൂടിയാലോചന നടത്തിയിരുന്നതായും ബെന്നിച്ചന് വിശദീകരിക്കുന്നു. ഉത്തരവിറക്കിയത് കേരള- തമിഴ്നാട് സെക്രട്ടറിമാരുടെ യോഗത്തിലെ ധാരണ പ്രകാരമായിരുന്നു. ഉത്തരവിന്റെ പേരിൽ മാത്രം മരം മുറിക്കാൻ കഴിയുമായിരുന്നില്ല. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമായിരുന്നെന്നും ബെന്നിച്ചൻ പറയുന്നു. വിശദീകരണവും അനുബന്ധ രേഖകളുമടക്കം 34 പേജ് മറുപടിയാണ് കഴിഞ്ഞ മാസം 21ന് ബെന്നിച്ചൻ നൽകിയത്.
മരം മുറി ഉത്തരവ് സർക്കാർ അറിയാതെയാണെന്ന് വനംമന്ത്രി നിലപാടെടുത്തതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. നവംബർ പത്തിനു ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യാനും മരംമുറി ഉത്തരവ് റദ്ദാക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഇടപെടൽ അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെയും ചുമതലപ്പെടുത്തി. ഡിസംബർ 7ന് ചീഫ് സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകി. ചീഫ് സെക്രട്ടറിയുടെ അനുകൂല റിപ്പോർട്ടിനെ തുടർന്ന് ഡിസംബർ 9 ന് സസ്പെൻഷൻ പിൻവലിച്ചു. ഡിസംബർ 21ന് കാരണം കാണിക്കൽ നോട്ടിസിനു ബെന്നിച്ചൻ മറുപടി നൽകി. വിവാദങ്ങളെ തുടർന്ന്, മുല്ലപെരിയാർ വിഷയത്തിൽ കേരള–തമിഴ്നാട് മുഖ്യമന്ത്രിമാര്‍ നടത്താനിരുന്ന ചർച്ചയിൽ തീരുമാനമായിട്ടില്ല.