നാട്ടുവാര്‍ത്തകള്‍
സുവർണ ജൂബിലി തിളക്കത്തിൽ ഇടുക്കിക്ക് സമ്മാനം
ഇടുക്കി ജില്ലയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ നൽകുന്ന സുവർണ ജൂബിലി സമ്മാനം ഇടുക്കി ജില്ല രൂപീകരിച്ചിട്ട് 50 വർഷമാകുന്നു. നമ്മുടെ ജില്ലയുടെ വളർച്ച വിലയിരുത്തേണ്ട കാലം കൂടിയാണിത്. സുവർണ ജൂബിലി വർഷത്തിൽ വികസനത്തിലൂന്നിയ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. ജില്ലയുടെ വികസനത്തിനായി നടപ്പാക്കാൻ ആഗ്രഹിക്കുന്ന ചില പദ്ധതികൾ ഇതൊക്കെയാണ്,
- ∙ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുക. അർഹരായ മുഴുവൻ കർഷകർക്കും പട്ടയം നൽകുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണന.
- ∙ഇടുക്കി മെഡിക്കൽ കോളജിനെ ആരോഗ്യ – വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമാക്കി മാറ്റും.
- ∙ഇടുക്കി, മൂന്നാർ, തേക്കടി എന്നിവയെ ബന്ധിപ്പിച്ചു ടൂറിസം സർക്കിൾ യാഥാർഥ്യമാക്കും.
- ∙ഇടുക്കി പാക്കേജ് നടപ്പാക്കുന്നതോടെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും ഉണർവു നൽകാനാകും.
- ∙റോഡുകൾ, പാലങ്ങൾ, നവീകരണം ആവശ്യമായ സർക്കാർ ഓഫിസ് കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തും.
- ∙ഗ്രാമീണ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളും ദേശീയപാതയും കൂടുതൽ മെച്ചപ്പെടുത്തും. ഇതിനുള്ള ഫണ്ടുകൾ അനുവദിച്ചിട്ടുണ്ട്. ജോലി ഉടൻ തുടങ്ങും.
- ∙കാൽവരി മൗണ്ട് – മൂന്നാർ ടൂറിസം ഹൈവേ പണിയും. മൂന്നാറിനെയും ജില്ലാ ആസ്ഥാനത്തെയും ബന്ധിപ്പിച്ചു പുതിയൊരു ടൂറിസം സർക്യൂട്ട് കൂടി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇത്.