5 ദിവസം, ഇടുക്കി ജില്ലയിൽ കോവിഡ് ബാധിതർ 7,300
5 ദിവസത്തിനിടെ ജില്ലയിൽ കോവിഡ് ബാധിച്ചത് 7,300 പേർക്ക്. 19 മുതൽ 23 വരെ തീയതികളിലെ കണക്കാണിത്. ഈ ദിവസങ്ങളിലെല്ലാം ആയിരത്തിന് മുകളിലായിരുന്നു പ്രതിദിന കോവിഡ് കേസുകൾ. 22ന് 1637 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന നിലയിലായിരുന്നു. മുൻപു കോവിഡ് വന്നു മാറിയ ഒട്ടേറെപ്പേരാണ് ഇപ്പോൾ വീണ്ടും രോഗബാധിതരായത്. വിവിധ സ്ഥാപനങ്ങളിലും മറ്റും ജീവനക്കാർ കൂട്ടത്തോടെ കോവിഡ് ബാധിതരാകുന്ന സാഹചര്യമാണ്.
ഇങ്ങനെ പോരാ:ജില്ലയിൽ കോവിഡ് ഗുരുതരമാകുന്നവരുടെ എണ്ണം കുറവാണെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ഇനിയുമേറെ ചെയ്യാനുണ്ട്. കോവിഡ് വ്യാപനം ഇത്രയധികം രൂക്ഷമായിട്ടും രണ്ടാം തരംഗത്തെ നേരിട്ടതുപോലുള്ള മുന്നൊരുക്കങ്ങൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആവശ്യത്തിനു കിടക്കകൾ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
ഗുരുതരാവസ്ഥയിലുള്ള കൂടുതൽ ആളുകൾ എത്തിയാൽ നേരിടാൻ സംവിധാനവുമില്ല. ജീവനക്കാരുടെ കുറവും വെല്ലുവിളിയായി തുടരുകയാണ്. ഇതിനിടെ, പ്രധാന സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ ഡോക്ടർമാർക്കും ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിക്കുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു. വ്യാപനം തീവ്രാവസ്ഥയിലായിട്ടും വാർഡുതല സമിതികളുടെ പ്രവർത്തനവും പ്രതിരോധവും ഊർജിതമായിട്ടില്ല.
വീട്ടിലും വേണം ജാഗ്രത:വീടുകളിലെ കോവിഡ് വ്യാപനവും നിയന്ത്രിക്കാനാകുന്നില്ല. ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചാൽ എല്ലാവർക്കും ബാധിക്കുന്ന സ്ഥിതിയാണ്. കുടുംബാംഗങ്ങളിലേക്കു രോഗവ്യാപനം ഉണ്ടാകാതെ എല്ലാവരും സൂക്ഷിക്കണമെന്നു ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു. വീടിനകത്തും കൂട്ടം ചേരുന്നതു പരമാവധി ഒഴിവാക്കണം. മുതിർന്നവരും കുട്ടികളും രോഗികളും ഉണ്ടെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം. യാത്രകൾ അത്യാവശ്യത്തിനു മാത്രം. ആൾക്കൂട്ടത്തിൽ നിന്ന് അകന്നു നിൽക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.