ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലം;ഇടുക്കിയുടെ പ്രവേശന കവാടങ്ങളിലൊന്നായ നേര്യമംഗലം പാലം എൺപത്തിയേഴാം വയസ്സിലേക്ക്
തലമുറകളുടെ ജീവിതയാത്രയോടൊപ്പം ഒരു നാടിന്റെ വികസനത്തിനും ഗതിവേഗം നൽകിയ നേര്യമംഗലം പാലത്തിന് ഇന്നും യൗവനത്തിന്റെ ഓജസ്സും ശക്‌തിയുമുണ്ട്. എറണാകുളം–ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന, ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലമായ, നേര്യമംഗലം പാലത്തിന്റെ ചരിത്ര വഴിയിലൂടെ ഒന്നു യാത്ര ചെയ്താലോ ?…
ഇടുക്കിയുടെ പ്രവേശന കവാടങ്ങളിലൊന്നായ നേര്യമംഗലം പാലം എൺപത്തിയേഴാം വയസ്സിലേക്ക്. പെരിയാറിനു കുറുകെ ആർച്ച് ഡിസൈനോടുകൂടി നിർമിച്ച ഈ പാലം 1935 മാർച്ച് രണ്ടിനാണു പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 214 മീറ്റർ നീളവും 4.90 വീതിയും അഞ്ച് വലിയ സ്‌പാനുകളുമുള്ള പാലം ഇപ്പോഴും ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരികൾക്കു വിസ്‌മയക്കാഴ്‌ചയേകുന്നു. പണ്ടുകാലത്തെ എൻജിനീയറിങ് മികവിനും ശിൽപഭംഗിക്കും ഉദാഹരണം കൂടിയാണു ബ്രിട്ടിഷ് വാസ്‌തുവിദ്യയനുസരിച്ചു നിർമിച്ച നേര്യമംഗലം പാലം. എറണാകുളം–ഇടുക്കി ജില്ലകളെ തമ്മിൽ വേർതിരിക്കുന്നതും ഈ പാലമാണ്.
രാജഭരണകാലത്ത് ആലുവയിൽ നിന്നു മൂന്നാറിലേക്കുള്ള പ്രധാന റോഡ് മാങ്കുളം വഴിയായിരുന്നു. എന്നാൽ, 1924ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ റോഡ് നാമാവശേഷമായി. ഈ റോഡിന്റെ പുനർനിർമാണം അസാധ്യമായതോടെയാണ് ആലുവയിൽ നിന്നു കോതമംഗലം, നേര്യമംഗലം, അടിമാലി വഴി മൂന്നാറിലേക്കുള്ള പാതയ്‌ക്ക് രൂപരേഖ തയാറായത്. തുടർന്നു കൊല്ലവർഷം 1103 തുലാം മാസത്തിൽ നേര്യമംഗലത്തു നിന്ന് അടിമാലി വഴി മൂന്നാറിലേക്കുള്ള റോഡ് നിർമാണം ആരംഭിക്കുകയും 1106 മീനമാസത്തിൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരി സേതുലക്ഷ്‌മിബായി റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്‌തു.
എന്നാൽ, നേര്യമംഗലത്ത് പെരിയാർ പുഴ മുറിച്ചു കടക്കുന്നതിനായുള്ള പാലത്തിന്റെ അഭാവം സുഗമമായ വാഹന യാത്രയ്‌ക്കു തടസ്സമായി. ഇതിനു പരിഹാരമായാണു പുഴയിൽ 214 മീറ്റർ നീളത്തിൽ പാലം നിർമിക്കാൻ തീരുമാനിച്ചത്. മൂന്നുവർഷം കൊണ്ടു നിർമാണം പൂർത്തീകരിച്ച പാലം 1935ൽ ചിത്തിര തിരുനാൾ രാമവർമ ഉദ്‌ഘാടനം ചെയ്‌തു. ഇടുക്കി ജില്ല രൂപീകരിക്കുന്നതുവരെ എറണാകുളം ജില്ലയിലെ കവളങ്ങാട് പഞ്ചായത്തിന്റെ ഭാഗമായിരുന്നു ഇപ്പോഴത്തെ അടിമാലി ഗ്രാമപഞ്ചായത്ത്. ഇക്കാരണത്താൽ തന്നെ നേര്യമംഗലം പാലത്തിന്റെ അവകാശം പൂർണമായും എറണാകുളം ജില്ലയ്‌ക്കും കവളങ്ങാട് പഞ്ചായത്തിനുമായിരുന്നു.
എന്നാൽ, ഇടുക്കി ജില്ലയുടെ രൂപീകരണത്തോടെ കവളങ്ങാട് വിഭജിച്ചു മന്നാങ്കണ്ടം പഞ്ചായത്ത് രൂപീകരിച്ചു. ഇതോടെ ഇടുക്കി ജില്ലയുടെയും മന്നാങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി തിരിക്കുന്ന പാലമായി നേര്യമംഗലം മാറി. രണ്ടു ജില്ലകളെ വേർതിരിക്കുന്ന കാലാവസ്‌ഥയും പാലത്തിന്റെ പ്രത്യേകതയാണ്. എറണാകുളം ജില്ലയിലെ ചൂടൻ കാലാവസ്‌ഥയിൽ നിന്നു നേര്യമംഗലം പാലത്തിലൂടെ മറുകരയിലെത്തുമ്പോൾ തണുത്ത കാലാവസ്‌ഥയാണു സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ വരവേൽക്കുന്നത്. ഇടതൂർന്നു നിൽക്കുന്ന നേര്യമംഗലം വനമേഖലയാണ് ഇടുക്കിയിലേക്കു കടന്നുവരുമ്പോഴുള്ള കാലാവസ്‌ഥാ വ്യതിയാനത്തിനു കാരണമാകുന്നത്.