മാസ്ക് വയ്ക്കാൻ ആവശ്യപ്പെട്ടു ;കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ കയ്യേറ്റം
കുമളി: മാസ്ക് വയ്ക്കാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ കയ്യേറ്റം ചെയ്തായി പരാതി. കെഎസ്ആർടിസി കുമളി ഡിപ്പോയിലെ കണ്ടക്ടർ രാഹുൽ കൃഷ്ണന് (35) നേരെയാണ് കയ്യേറ്റമുണ്ടായത്. ഇയാൾ വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. മൂങ്കലാർ സ്വദേശി രാജീവ് എന്നു വിളിക്കുന്ന ഇമ്പരാജിനെ (44) കുമളി പൊലീസ് അറസ്റ്റ് ചെയ്തു.
വണ്ടിപ്പെരിയാർ – ആനക്കുഴി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ മാസ്ക് വയ്ക്കാതെ കയറിയ രാജീവിനോട് മാസ്ക് വയ്ക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടതോടെ കൈവശമുണ്ടായിരുന്ന ടവലെടുത്ത് മുഖത്തു കെട്ടി. പിന്നീട് ബസിൽ കയറിയ 2 സ്ത്രീകളിൽ ഒരാൾ മാസ്ക് ധരിച്ചിരുന്നില്ല. ഇവരോട് കണ്ടക്ടർ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടില്ല എന്നതാണ് രാജീവിനെ പ്രകോപിപ്പിച്ചത്. സ്ത്രീകൾ മാസ്ക് ധരിച്ചില്ലെങ്കിൽ കുഴപ്പമില്ലേയെന്നു ചോദിച്ച് ഇയാൾ തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.