സ്ത്രീധന മുക്ത കേരളത്തിനായി ക്യാമ്പസുകളിലൂടെ ക്യാമ്പയിനുമായി വനിതാ കമ്മീഷൻ
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ യുവജനങ്ങളുടെയിടയിൽ അവബോധം വളർത്തുന്നതിന് സ്ത്രീധന മുക്ത കേരളം എന്ന സന്ദേശമുയർത്തി ക്യാമ്പസുകളിലൂടെ ക്യാമ്പയിനുമായി വനിതാ കമ്മീഷൻ. ഇതിന്റെ ഭാഗമായി മറയൂർ ഐഎച്ച്ആർഡി കോളേജിൽ സെമിനാർ നടത്തി. വരും ദിവസങ്ങളിൽ ബാക്കിയുള്ള കോളേജുകളിലും നടത്തുമെന്ന് കമ്മീഷൻ അംഗം ഷാഹിദ കമാൽ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളില്‍ നടത്തിയ സിറ്റിംഗ്ന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സിറ്റിംഗില്‍ 70 പരാതികള്‍ പരിഗണിച്ചു. എന്നാൽ ജില്ലയിലെ പ്രാദേശിക അവധിയെ തുടർന്ന് 40 കേസുകളായി ബന്ധപ്പെട്ട ആളുകളാണ് എത്തിയത്. ഇതില്‍ 10 പരാതികള്‍ തീര്‍പ്പാക്കുകയും, 6 കേസ് വിവിധ വകുപ്പുകളിലേക്ക് അന്വേഷണ റിപ്പോര്‍ട്ടിനായി കൈമാറി. കഴിഞ്ഞ സിറ്റിങ്ങിൽ വരാൻ സാധിക്കാത്തതും വീണ്ടും പരിഗണിക്കേണ്ടതുമായ 54 കേസുകള്‍ അടുത്ത ഹിയറിംങ്ങിലേക്ക് മാറ്റി. ആകെയുള്ള 70 കേസുകളിൽ 20 എണ്ണം പുതിയതായി ലഭിച്ചവയാണ്.
വസ്തു സംബന്ധമായ പ്രശ്നങ്ങൾ /പരാതികള്‍, മദ്യപിച്ചു വന്നിട്ട് അയല്‍വാസികള്‍ തമ്മിലും കുടുംബത്തിലും പ്രശ്നങ്ങളും തര്‍ക്കങ്ങളും, തുടങ്ങിയ പരാതികളാണ് സിറ്റിങില്‍ വന്നത്. മദ്യപാനവുമായി ബന്ധപ്പെട്ട നിരവധി പരാതികൾ കമ്മീഷന് ലഭിക്കുന്നുണ്ട്. മദ്യത്തിനും മയക്കുമരുന്നിനും എതിരായ ക്യാമ്പയിനുകൾ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ടെന്നും ഷാഹിദ കമാൽ പറഞ്ഞു.