ധീരജ് വധം; പ്രതികളെ റിമാൻഡ് ചെയ്തു
കട്ടപ്പന: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജിജോ എന്നിവരെയാണ് കട്ടപ്പന കോടതി റിമാന്‍ഡ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് പ്രതികളെ കട്ടപ്പന കോടതിയിലെത്തിച്ചത്. ഈ സമയത്ത് കോടതി വളപ്പിനു പുറത്ത് സംഘടിച്ചിരുന്ന എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതികളുമായി വന്ന പോലീസ് വാഹനത്തിനു നേരെ നീങ്ങിയത് നേരിയ സംഘര്‍ഷത്തിനു കാരണമായി. വാഹനം തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.
അന്യായമായി സംഘം ചേര്‍ന്ന് എത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തണമെന്ന ഉദേശത്തോടെയാണ് ധീരജിനെയും അമലിനെയും കുത്തിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിഖില്‍ പൈലിയാണ് കുത്തിയതെന്നും ജെറിന്‍ ജിജോ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസിലെ നാല് പ്രതികള്‍ ഒളിവിലാണ്.
കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ പീരുമേട് ജയിലിലേക്ക് കൊണ്ടുപോയി. വൈദ്യ പരിശോധനയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതികള്‍ക്ക് നേരെ എത്തി. ഇവരെ പോലീസ് നീക്കം ചെയ്തു. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നോടെ പ്രതികളെ ജയിലില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കട്ടപ്പന കോടതി പരിസരത്തും പീരുമേട്ടിലും വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.