വില്ലേജ് ഓഫീസിൽ അടിച്ചങ്ങ് പൂസായി; ജീവനക്കാരനും ഇടനിലക്കാരനും ബോധം കെട്ടു
12 Jan 2022,
മൂന്നാർ: വില്ലേജ് ഓഫീസിൽ മദ്യലഹരിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ ഉദ്യോഗസ്ഥനെയും ഇടനിലക്കാരനെയും നാട്ടുകാർ തടഞ്ഞുെവച്ചു. വട്ടവട വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് റെജീഷ്, വില്ലേജ് ഓഫീസിലെ വിവിധ ആവശ്യങ്ങൾ നടത്തിക്കൊടുക്കുന്ന ഇടനിലക്കാരൻ കോവിലൂർ സ്വദേശി സി.രാമർ എന്നിവരാണ് ചൊവ്വാഴ്ച മദ്യലഹരിയിൽ ഓഫീസിൽ കഴിഞ്ഞത്. വില്ലേജ് ഓഫീസറടക്കം മൂന്ന് ഉദ്യോഗസ്ഥരാണ് ഇവിടുള്ളത്.
വില്ലേജ് ഓഫീസറടക്കം രണ്ടുപേർ ചൊവ്വാഴ്ച അവധിയിലായിരുന്നു. റെജീഷ് മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഓഫീസിലെത്തിയ നാട്ടുകാരാണ് ഉദ്യോഗസ്ഥനെ അബോധാവസ്ഥയിലും സമീപത്ത് മറ്റൊരു ഉദ്യോഗസ്ഥന്റെ കസേരയിൽ മദ്യലഹരിയിൽ ഇരിക്കുന്ന ഇടനിലക്കാരനെയും കണ്ടത്. ഇവർ ഉദ്യോഗസ്ഥനെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് വിവരം മുതിർന്ന റവന്യൂ ഉദ്യോഗസ്ഥരെ അറിയിച്ചു.
നാട്ടുകാർ നടത്തിയ പരിശോധനയിൽ ഓഫീസിനുപുറത്ത് മദ്യക്കുപ്പിയും ഗ്ലാസും ഭക്ഷണാവശിഷ്ടങ്ങളും കണ്ടെത്തി. മറ്റ് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഇയാൾ ഓഫീസിലിരുന്നുതന്നെ മദ്യം കഴിച്ചതായാണ് കരുതുന്നത്. മുൻപ് മാങ്കുളം വില്ലേജ് ഓഫീസിൽ ജോലി ചെയ്തിരുന്ന ഇയാളെ ജോലി സമയത്ത് പതിവായി മദ്യപിച്ച് എത്തുന്നതിനെ തുടർന്ന് ശിക്ഷാ നടപടിയുടെ ഭാഗമായാണ് വട്ടവടയിലേക്ക് സ്ഥലംമാറ്റിയത്.
സംഭവമറിഞ്ഞ് കളക്ടറുടെ നിർദേശപ്രകാരം ദേവികുളം തഹസിൽദാർ ഷാഹീന രാമകൃഷ്ണൻ വട്ടവടയിലെ വില്ലേജ് ഓഫീസിലെത്തിയെങ്കിലും ഇയാൾ താമസസ്ഥലത്തേക്ക് പോയിരുന്നു. തഹസിൽദാരും സംഘവും ഇയാളുടെ താമസസ്ഥലത്തെത്തി നേരിൽ കണ്ടു. നാട്ടുകാരിൽനിന്ന് ലഭിച്ചതുൾപ്പെടെയുള്ള വിവരങ്ങൾ കാണിച്ച് കളക്ടർക്ക് റിപ്പോർട്ടുനൽകുമെന്ന് തഹസിൽദാർ പറഞ്ഞു.