നെടുങ്കണ്ടം ടൗണിൽ വാഹനാപകടങ്ങൾ തുടർക്കഥ….
നെടുങ്കണ്ടം : നെടുങ്കണ്ടം ടൗണിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു.ഒരു മാസത്തിനിടെ ചെറുതും വലുതുമായ ഇരുപതോളം വാഹനാപകടങ്ങളാണ് ഉണ്ടായത്. ടൗണിലെ വാഹനങ്ങളുടെ ഒഴുക്ക് ക്രമീകരിക്കണമെന്നും അടിയന്തര ട്രാഫിക് കമ്മിറ്റി ചേരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ടൗണിൽ അപകടമുണ്ടാകാത്ത ദിവസങ്ങൾ ചുരുക്കമാണെന്നു വ്യാപാരികൾ പറയുന്നു. ട്രാഫിക് നിയന്ത്രണത്തിനും അപകടങ്ങൾ തടയുന്നതിനും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കഴിഞ്ഞദിവസം രാത്രി 10.20 ന് സ്‌കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തിലെ യാത്രക്കാർക്കു ഗുരുതരമായി പരുക്കേറ്റു. പുഷ്പകണ്ടം സ്വദേശികളായ പി.ടി.ജോസുകുട്ടി, ജോർളി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോർളിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.അമിതവേഗവും, റോഡ് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിങ്ങും, ലഹരി ഉപയോഗിച്ചശേഷം വാഹനങ്ങൾ ഓടിക്കുന്നതും, അശ്രദ്ധയുമാണ് കുമളി മൂന്നാർ സംസ്ഥാന പാതയിൽ അപകടങ്ങൾ പെരുകാനുള്ള കാരണങ്ങളെന്നാണ് പരാതി ഉയരുന്നത്. സീബ്രാ ലൈനുകൾ മാഞ്ഞുപോയതിനാൽ കാൽനടയാത്രക്കാരും ഭീതിയിലാണ്. പൊലീസ്, മോട്ടർവാഹന വകുപ്പ്, പഞ്ചായത്ത് എന്നിവ കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.