ഇടുക്കി എൻജിനീയറിംഗ് കോളജിൽ കുത്തേറ്റ് മരണമടഞ്ഞ കണ്ണൂർ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദശി ധീരജിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും
ഇടുക്കി എൻജിനീയറിംഗ് കോളജിൽ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിനിടയിലാണ് ധീരജിന് കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരുക്കേറ്റിട്ടുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാവിലെ ക്യാമ്പസിനുള്ളിൽ എസ്എഫ്ഐ കെഎസ് യു പ്രവർത്തകർ തമ്മിൽ സംഘർഷവും കയ്യാങ്കളിയും ഉണ്ടായിരുന്നു. വോട്ടെടുപ്പിന് ശേഷം വിദ്യാർത്ഥികൾ ഒന്നേകാലോടെ കോളേജിനു പുറത്തേക്ക് എത്തി. ഈ സമയം നിഖിൽ പൈലി ഉൾപ്പെടെയുള്ളവർ കവാടത്തിനു പുറത്തു നിൽക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ വീണ്ടും സംഘർഷമായി. ഇതിനിടെയിലാണ് രണ്ടു പേർക്ക് കുത്തേറ്റത്. സംഭവസ്ഥലത്തുനിന്നും കാണാതായ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഖിൽ പൈലിയെ കരിമണലിൽ നിന്നും ബസ് യാത്രക്കിടെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.. ധീരജിൻറെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. നാളെ രാവിലെ വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ടാകും.