സാമ്പത്തിക ഇടപാടിലെ തർക്കം നീണ്ടത് കൊലപാതകത്തിലേക്ക് ; വിചാരണ തിങ്കളാഴ്ച ആരംഭിക്കും
മുട്ടം: അടിമാലി 14-ാം മൈലില്‍ ചരുവിള പുത്തന്‍വീട്ടില്‍ അബ്ദുല്‍ സിയാദിന്‍റെ ഭാര്യ (41) സെലീനയെ കുത്തിക്കൊലപ്പെടുത്തുകയും തുടര്‍ന്ന് മാറിടം മുറിച്ചുമാറ്റുകയും ചെയ്ത കേസിന്‍റെ വിചാരണ തിങ്കളാഴ്ച ആരംഭിക്കും.പ്രതി തൊടുപുഴ വണ്ടമറ്റം പടിക്കുഴിയില്‍ ഗിരോഷും (35) കൊല്ലപ്പെട്ട സെലീനയും തമ്മിലെ സാമ്ബത്തിക ഇടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.
സെലീന താന്‍ അഡ്വക്കറ്റും ഫാമിലി കൗണ്‍സലറും ആണെന്ന് പറഞ്ഞാണ് ഗിരോഷിനെ പരിചയപ്പെടുന്നത്. പല തവണയായി സെലീന 1,08,000 രൂപയോളം ഗിരോഷില്നിന്ന് കൈവശപ്പെടുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ സെലീനയുടെ ഉടമസ്ഥതയിലുള്ള കാര്‍ ഗിരോഷിന്‍റെ പേരിലേക്ക് മാറ്റിയെടുപ്പിച്ച ശേഷം ഗിരോഷിന്‍റെ അമ്മയെയും കൂട്ടുകാരനെയും ജാമ്യം നിര്‍ത്തി ഗിരോഷിന്‍റെ പേരില്‍ സെലീന രണ്ട് ലക്ഷം രൂപ ലോണ്‍ എടുത്തു. പിന്നീട് തുക അടക്കാതെ കുടിശ്ശിക വരുത്തി. ഇതുമൂലമുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. സംഭവദിവസം സെലീനയുടെ വീട്ടിലെത്തിയ ഗിരോഷ് മുറ്റത്ത് തുണി കഴുകിക്കൊണ്ടിരുന്ന ഇവരോട് തന്റെ ഭാര്യയെ ആശുപത്രിയിലാക്കാന്‍ പണം ആവശ്യപ്പെട്ടെങ്കിലും സെലീന നല്‍കിയില്ല.
മത്സ്യവ്യാപാരിയായ സെലീനയുടെ ഭര്‍ത്താവ് രാത്രി 7.45ന് വീട്ടില്‍ എത്തിയപ്പോഴാണ് ഉച്ചക്ക് നടന്ന സംഭവം പുറത്തറിയുന്നത്. സമീപത്തെ കടയിലെ നിരീക്ഷണ കാമറ പരിശോധിച്ചാണ് പൊലീസ് പ്രതിയുടെ ദൃശ്യങ്ങള്‍ കണ്ടത്. ഗിരോഷ് വീട്ടിലെത്തിയതും മടങ്ങുന്നതും കാമറയില്‍ പതിഞ്ഞിരുന്നു.തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സെലീനയുടെ കഴുത്തിലും ശരീരത്തിന്‍റെ പലഭാഗത്തും ഗിരോഷ് പിച്ചാത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി. ശേഷം പുറത്തിറങ്ങി നാഷനല്‍ ഹൈവേയിലെത്തി പരിസരം വീക്ഷിച്ച ശേഷം ബൈക്കില്‍ വീണ്ടും സംഭവസ്ഥലത്തെത്തി സെലീനയുടെ മൃതദേഹത്തില്‍നിന്ന് ഇടതു മാറിടം പിച്ചാത്തികൊണ്ട് മുറിച്ചെടുത്ത് പൊതിഞ്ഞ് ബാഗിലാക്കി ഗിരോഷിന്‍റെ കുറുമ്ബാലമറ്റത്തുള്ള വീട്ടില്‍ ഒളിപ്പിച്ചു. ശേഷം പിച്ചാത്തി കഴുകി തെളിവുകള്‍ നശിപ്പിച്ചെന്നാണ് ഗിരോഷിനെതിരെയുള്ള കുറ്റാരോപണം.
മൊബൈല്‍ ടവര്‍ പിന്തുടര്ന്ന് പൊലീസ് പിറ്റേന്ന് പുലര്‍ച്ചയോടെ ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയില്‍ മുറിച്ചുമാറ്റിയ മാറിടവും കത്തിയും കണ്ടെത്തി. അടിമാലി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന പി.കെ. സാബുവാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ആകെ 59 സാക്ഷികളാണുള്ളത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി. സുനില്‍ ദത്താണ് പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ ഹാജരാകുന്നത്.