ആരതി ഉഴിഞ്ഞ് വരവേറ്റു, അജയ ഇനി ഇടുക്കിയുടെ മാനസ്സപുത്രി
കട്ടപ്പന : പിറന്ന് വീണ് മണിക്കൂറുകൾക്കുള്ളിൽ മാതാവിന്റെ കൈകളിൽ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരിച്ചു കിട്ടിയ പിഞ്ചുകുഞ്ഞ് “അജയ” യ്ക്ക് ജൻമനാടിന്റെ സ്വീകരണം.വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ സ്വദേശികൾ ശനിയാഴ്ച്ച ഉച്ച മുതൽ കാണാക്കൺമണിയെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു.രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജായി മാതാപിതാക്കൾക്കൊപ്പം അജയ വീട്ടിലെത്തിയതോടെ ബന്ധുക്കളും, നാട്ടുകാരും ചേർന്ന് ആരതി ഉഴിഞ്ഞാണ് വരവേറ്റത്. വാർത്തകളിലൂടെ മാത്രം കണ്ട കുഞ്ഞിനെ നേരിട്ട് കണ്ടതോടെ അയൽവാസികളായ അമ്മമാരുടെയും കണ്ണുകൾ ഈറനണിഞ്ഞു.ആനന്ദക്കണ്ണീർ പിന്നീട് വാത്സല്യമായി മാറി. ആൾക്കൂട്ടം കണ്ടിട്ടെന്തോ അജയക്ക് കരച്ചിലടക്കാനായില്ല. പിന്നീടവൾ അമ്മ അശ്വതിയുടെ ചൂടേറ്റ് മയങ്ങി.കുഞ്ഞിനെ കാണാൻ വന്നവർക്കെല്ലാം മധുര പലഹാരങ്ങളും ബന്ധുക്കൾ മടക്കി അയച്ചത്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് നഴ്സിന്റെ വേഷത്തിലെത്തിയ തിരുവല്ല സ്വദേശി നീതു കോട്ടയം മെഡിക്കൽ കോളേജിലെ പ്രസവ വാർഡിൽ നിന്നും ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്.പിന്നീട് മണിക്കൂറുകൾക്കുള്ളിൽ ഗാന്ധിനഗർ സ്റ്റേഷനിലെ എസ് ഐ റ്റി. എസ് റെനീഷ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ യുവതിയെ കസ്റ്റഡിയിൽ എടുത്തു. പിന്നീട് കുഞ്ഞിനെ അമ്മയ്ക്ക് കൈമാറുകയും ചെയ്തു. വണ്ടിപ്പെരിയാർ അറുപത്തി രണ്ടാം മൈൽ സ്വദേശികളായ വലിയതറയ്ക്കൽ ശ്രീജിത്ത് – അശ്വതി ദമ്പതികളുടെ കുഞ്ഞിന് അജയ എന്ന പേര് നിർദ്ദേശിച്ചതും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റെനീഷാണ്.തങ്ങളുടെ കൈകളിൽ നിന്നും അടർത്തിയെടുക്കാൻ ശ്രമിച്ച കുഞ്ഞിന് ഈ പേരല്ലാതെ മറ്റൊന്നും ചേരില്ലെന്ന് മാതാപിതാക്കൾക്കും ബോധ്യമായതോടെ കുഞ്ഞോമന ഇടുക്കിയുടെ അജയ്യ പുത്രിയായി.ആ നിമിഷം സഹകരിച്ച ആളുകളോടുള്ള നന്മ മാത്രമാണ് അമ്മ അശ്വതിയ്ക്ക് പറയാനുള്ളത്.എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ എന്ന ആശങ്ക ഇനിയും ബാക്കി.
വാർത്തകളിൽ ഇടം നേടിയപ്പോൾ മുതൽ കൺമണിയെ കാത്ത് വണ്ടിപ്പെരിയാർ
വാർത്താ മാധ്യമങ്ങളിലൂടെയാണ് വണ്ടിപ്പെരിയാർ സ്വദേശികളായ ദമ്പതികളുടെ ശിശുവിനെയാണ് തട്ടിയെടുക്കാൻ ശ്രമം നടന്നതെന്ന് പ്രദേശത്തുള്ളവർ അറിഞ്ഞത്. മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ തിരിച്ച് ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ മുതൽ കുഞ്ഞിനെ നേരിട്ട് കാണാനുള്ള ആകാംക്ഷയിലായിരുന്നു നാട്ടുകാർ. നൻമയുള്ളവരുടെ പ്രാർത്ഥനയുടെ ഫലം കൂടിയാണ് കുട്ടിയെ തിരികെ കിട്ടാൻ കാരണമായതെന്ന് ബന്ധുക്കളും പറഞ്ഞു.