അമ്മയെ കെട്ടിപിടിച്ചു ചിരിച്ചുകൊണ്ടവൻ പറഞ്ഞു “അമ്മ ചൂടുവെച്ചു”…
രാജകുമാരി (ഇടുക്കി) : വീടിനു പുറത്തേക്ക് ഓടിക്കളിക്കാതിരിക്കാൻ അഞ്ചു വയസ്സുകാരന്റെ കാൽവെള്ളയിലും ദേഹത്തും പൊള്ളലേൽപിച്ച് അമ്മയുടെ ക്രൂരത. സ്റ്റീൽ തവിയുടെ അഗ്രം അടുപ്പിൽ വച്ച് ചൂടാക്കിയാണ് കുട്ടിയെ പൊള്ളലേൽപിച്ചത്. ഇടതു കാൽപാദത്തിലും ഇടുപ്പിലും പൊള്ളലേറ്റ ഭാഗത്ത് പഴുപ്പ് ബാധിച്ചതിനാൽ കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മയെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ശാന്തൻപാറ പൊലീസ് അറിയിച്ചു.
4 ദിവസം മുൻപ് ശാന്തൻപാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്‌വംശജരായ തോട്ടം തൊഴിലാളികളുടെ മകനാണ് പൊള്ളലേറ്റത്. അച്ഛനും അമ്മയും തോട്ടത്തിൽ ജോലിക്കു പോകുമ്പോൾ കുട്ടി വീടിനു പുറത്തെ കാട്ടിലേക്ക് ഓടിപ്പോകുന്നതിലുള്ള ദേഷ്യം കൊണ്ടാണ് കാൽപാദം പൊള്ളിച്ചതെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. കാലിൽ പൊള്ളിച്ച ശേഷം കുട്ടിയുമായി കുടുംബം തമിഴ്നാട്ടിലേക്കു പോയി. ഇന്നലെയാണ് ഇവർ തിരിച്ചെത്തിയത്. കുട്ടിയെ വീടിനു പുറത്ത് കാണാത്തതിനെത്തുടർന്ന് സമീപവാസികൾ അന്വേഷിച്ചപ്പോഴാണ് കാൽപാദത്തിൽ പൊള്ളലേറ്റതിനാൽ കുട്ടിക്കു നടക്കാനാവില്ലെന്ന് അറിഞ്ഞത്. ഇവർ ചൈൽഡ്‌ലൈൻ അധികൃതരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ശാന്തൻപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
കാൽപാദങ്ങളിലും ഇടുപ്പിലും പൊള്ളലേറ്റതിനെത്തുടർന്ന് ചൈൽഡ്‌ലൈൻ അധികൃതർ ശാന്തൻപാറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ എത്തിച്ച അഞ്ചുവയസ്സുകാരൻ എല്ലാവരെയും സങ്കടപ്പെടുത്തി. എന്തു സംഭവിച്ചതാണെന്ന് പൊലീസും നാട്ടുകാരും ചോദിച്ചപ്പോൾ ‘അമ്മ ചൂടുവച്ചു’ എന്ന് അമ്മയെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് നിഷ്കളങ്കമായി അവൻ പറഞ്ഞു. കുട്ടിയെ എടുത്തിരുന്ന അമ്മയും തനിക്കു സംഭവിച്ച തെറ്റ് ഏറ്റുപറഞ്ഞു. ‘‘കുസൃതി കൂടുതലാണ്, കാട്ടിലേക്ക് ഓടിപ്പോകാതിരിക്കാനാണ് ചൂടുവച്ചത്, സംഭവിച്ചു പോയി’’– അമ്മ പൊലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞു. നിലവിൽ കുട്ടിക്കൊപ്പം ആശുപത്രിയിൽ കഴിയുകയാണ് അമ്മ. ഇന്ന് അറസ്റ്റ് ഉണ്ടാകുമെന്നു പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും ചികിത്സച്ചെലവു വഹിക്കാൻ തയാറാണെന്നും ഇടുക്കി ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ എം.ജി.ഗീത പറഞ്ഞു.