കുഴികൊണ്ട് നിറഞ്ഞ് കഞ്ഞിക്കുഴി;സവാരി നിർത്തി ടാക്സി ഡ്രൈവർമാർ
ചെറുതോണി : കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓടി നട്ടും ബോൾട്ടും വരെ ഇളകിത്തെറിച്ചു തുടങ്ങിയതോടെ ഈ വഴിക്ക് ഇനി സവാരിയില്ലെന്നു കഞ്ഞിക്കുഴിയിലെ ടാക്സി ഡ്രൈവർമാർ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യത്തിന് വിളിച്ചാൽ ഓട്ടോറിക്ഷകൾ പോലും യാത്രയ്ക്ക് വരാതായതോടെ നാട്ടുകാർ ദുരിതത്തിലുമായി. കുടിയേറ്റ കാലത്തോളം പഴക്കമുള്ള കഞ്ഞിക്കുഴി – കിഴങ്ങാനം – പുന്നയാർ റോഡിനാണ് ഈ ദുർഗതി. റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷകൾ സർവീസ് നിർത്തിവച്ചത് കഴിഞ്ഞ ദിവസമാണ്.കിഴങ്ങാനം, പുന്നയാർ, ചൂടൻ സിറ്റി നിവാസികളുടെ ഏക സഞ്ചാര മാർഗമായ റോഡിൽ കാൽനട യാത്ര പോലും അസാധ്യമായതോടെ ആണ് ഓട്ടോറിക്ഷകൾ സർവീസ് നിർത്തിവച്ചത്.
ജില്ലയിലെ പ്രധാന ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രമായ പുന്നയാർ വെള്ളച്ചാട്ടത്തിനു സമീപത്തേക്ക് എത്തിച്ചേരാനുള്ള സഞ്ചാര മാർഗം കൂടിയായിരുന്നു ഈ റോഡ്. റോഡിന്റെ ശോച്യാവസ്ഥ മൂലം കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് സഞ്ചാരികൾ ഇപ്പോൾ ഇവിടേക്ക് എത്തുന്നത്.മൂന്ന് കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ രണ്ടു കിലോമീറ്റർ ദൂരത്താണു കാൽനട യാത്ര പോലും അസാധ്യമായിരിക്കുന്നത്. ത്രിതല പഞ്ചായത്ത് അധികൃതർ ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിനാണ് പ്രദേശവാസികളുടെ തീരുമാനം.