CPIM ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളിയിൽ ഇന്ന് തുടക്കം
കുമളി: ജില്ലയിലെ കരുത്തുറ്റ വിപ്ലവ ബഹുജന പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് ആദ്യമായി ആതിഥ്യമരുളുന്ന കുമളി ആവേശക്കൊടുമുടിയിൽ. കാർഷിക–- തോട്ടം മേഖലയുടെ ഈറ്റില്ലമായ കുമളി തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമ്മേളനം ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ തെളിവായി ജാഥാസംഗമവും അനുബന്ധ പരിപാടികളും. പാർടി നേതാക്കളും പ്രവർത്തകരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന ബഹുജനസമൂഹം ഒരാഴ്ചയിലേറെയായി സമ്മേളനം വിജയിപ്പിക്കാനുള്ള തിരക്കിലായിരുന്നു. പാർടിയുടെ സംഘടനാശേഷിയും കരുത്തും വിളിച്ചോതി ഒരുമാസമായി സമ്മേളനത്തിന്റെ പ്രചാരണപ്രവർത്തനങ്ങൾ കുമളിയിൽ നടക്കുന്നു.
പീരുമേട് ഏരിയയിലെ 14 ലോക്കൽ കമ്മിറ്റികളും എണ്ണയിട്ട യന്ത്രംപോലെ രംഗത്തുണ്ട്. കുമളി ടൗണിലാകെ ചെമ്പതാകകൾ നിരന്നു. കുമളിയിലേക്കുള്ള വീഥികൾക്ക് ഇരുവശവും സമ്മേളനത്തിന്റെ ആവേശം തുടിക്കുന്ന പ്രചാരണബോർഡുകളും സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചിട്ടുണ്ട്.