പരിശോധന അംഗീകരിക്കില്ല; സംസ്ഥാന വ്യാപകമായി അടച്ചിടും; ഹോട്ടലുടമകൾ
ഭക്ഷണ സാധനങ്ങൾക്ക് വില കൂട്ടിയാല്‍ ഹോട്ടലുകളിൽ പരിശോധന നടത്തുമെന്ന ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ഹോട്ടലുടമകളുടെ സംഘടന. പരിശോധന നടത്തിയാൽ സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കി. നടത്തിപ്പ് ചെലവ് ഇരട്ടിയായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇളവും പ്രഖ്യാപിച്ചിട്ടില്ലെന്നും ഹോട്ടലുടമകള്‍ കുറ്റപ്പെടുത്തി.
കോവിഡ് ഏൽപ്പിച്ച ആഘാതത്തിന് അപ്പുറമാണ് നിത്യോപയോഗ സാധനങ്ങളുടെ വില വർധന. പാചകവാതക സിലിണ്ടറിന് മാത്രം കഴിഞ്ഞ ഒരുവർഷം കൂടിയത് 786 രൂപ. പച്ചക്കറിയുടെയും ഭക്ഷ്യ എണ്ണയുടെയും വില കുത്തനെ ഉയര്‍ന്നു. പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന സമയത്താണ് ഹോട്ടലുകളില്‍ പരിശോധനയെന്ന് ഭക്ഷ്യമന്ത്രി പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാനാകില്ല.
വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്തിട്ടില്ല. കോഴി വില നിയന്ത്രിക്കാൻ മുന്‍ ധനകാര്യ മന്ത്രിയായ തോമസ് ഐസക്ക് പ്രഖ്യാപിച്ച കാര്യങ്ങൾ പോലും നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മിന്നല്‍ പരിശോധനയെന്ന മന്ത്രിയുടെ പ്രഖ്യാപനം പിന്‍വലിച്ചില്ലെങ്കില്‍ സമരപരിപാടികളെക്കുറിച്ച് ആലോചിക്കാന്‍ ഹോട്ടലുടമകള്‍ അടുത്തദിവസം യോഗം ചേരും.