പാർട്ടി അപമാനിച്ച് പുറത്താക്കിയെന്ന് എസ്. രാജേന്ദ്രൻ; പറഞ്ഞുപറഞ്ഞ് നമ്മുടെ പണി എളുപ്പമാക്കുമെന്ന് എം.എം.മണി
മൂന്നാർ ∙ സിപിഎം അച്ചടക്കനടപടിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. ‘പാർട്ടി എന്നെ അപമാനിച്ചു പുറത്താക്കി. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥിയെ തോൽപിക്കാൻ നോക്കിയെന്ന ആരോപണത്തിൽ വിശദീകരണം ലഭിച്ചില്ലെന്ന് ജില്ലാ നേതൃത്വം പറയുമ്പോഴും ഞാൻ രേഖാമൂലം വിശദീകരണം നൽകിയിരുന്നു. ഇതൊന്നും ആരും പരിഗണിച്ചില്ല’ – എസ്.രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന സമിതി തന്നെ പുറത്താക്കാൻ തീരുമാനമെടുത്താൽ സിപിഐയിലേക്കു പോകുമെന്ന സൂചനയും അദ്ദേഹം നൽകി.
എന്നാൽ ഇതേസമയം രാജേന്ദ്രനെ പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ പറഞ്ഞു. പുറത്താക്കി എന്നത് ഊഹാപോഹം മാത്രമാണ്. ഊഹാപോഹത്തിനു മറുപടി പറയാനില്ലെന്നും ജയചന്ദ്രൻ പറഞ്ഞു. ഈ വിഷയം പാർട്ടി ചർച്ച ചെയ്തിട്ടില്ല. ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി കൂടിയാണ് തീരുമാനമെടുക്കേണ്ടത്. സ്വന്തം തീരുമാനത്തിൽ പാർട്ടിയിൽ നിന്നു പുറത്തു പോകുന്നതിൽ പാർട്ടിക്ക് ഒന്നും പറയാനില്ല. പാർട്ടി ആരെയും മനഃപൂർവം പുറത്താക്കില്ല.
സിപിഎമ്മിനു ജില്ലാ കമ്മിറ്റിക്കു മുകളിൽ ഘടകങ്ങളുണ്ട്. അവിടെ പരാതി പറയാതെ മാധ്യമങ്ങളെ വിളിച്ചു പറയുന്നതിൽ കാര്യമില്ല. കമ്യൂണിസ്റ്റുകാരനെങ്കിൽ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്നും പങ്കെടുക്കണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ സ്വന്തം താൽപര്യമാണെന്നും ജയചന്ദ്രൻ പറഞ്ഞു. ‘‘വിഷയത്തിൽ പറയേണ്ടവർ പറയേണ്ട സമയത്ത് പറയേണ്ട പോലെ പറയും. പുള്ളി ഓരോന്ന് പറയുന്നുണ്ട്. അതൊന്നും കാര്യമാക്കേണ്ടതില്ല’’– എം.എം.മണി എംഎൽഎ പ്രതികരിച്ചു.
‘‘ലാസ്റ്റ് ജില്ലാ സെക്രട്ടറിയോ സംസ്ഥാന സെക്രട്ടറിയോ പറയും. എസ്.രാജേന്ദ്രൻ പറഞ്ഞുപറഞ്ഞ് നമ്മുടെ പണി എളുപ്പമാക്കും’’ –മണി പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടിയിൽ നിന്ന് അകലം പാലിക്കുന്ന രാജേന്ദ്രൻ, പാർട്ടി പരിപാടികളിലോ സമ്മേളനങ്ങളിലോ പങ്കെടുത്തിരുന്നില്ല. ഇതാണ് രാജേന്ദ്രനെതിരെയുള്ള നടപടിക്ക് ആക്കംകൂട്ടിയത്. പാർട്ടിയിൽ നിന്ന് രാജേന്ദ്രനെ പുറത്താക്കാനുള്ള ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ ശുപാർശയിൽ സംസ്ഥാന സമിതി അന്തിമ തീരുമാനമെടുക്കും.