ദേവികുളം മുൻ എം.എൽ.എ. എസ് രാജേന്ദ്രനെ സി.പി.എം ഒരു വർഷത്തേയ്ക്ക് പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശ. സംസ്ഥാന സമിതിക്കാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അന്തിമ തീരുമാനം സംസ്ഥാന സമിതി കൈക്കൊള്ളും.
ആരോപണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് നേരത്തെ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകലം പാലിച്ചുവരികയാണ് രാജേന്ദ്രന്‍. പാര്‍ട്ടി പരിപാടികളിലോ സമ്മേളനങ്ങളിലോ പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടിയും നല്‍കിയിരുന്നില്ല. ഇതാണ് രാജേന്ദ്രനെതിരെയുള്ള നടപടിക്ക് ആക്കംകൂട്ടിയത്.
ദേവികുളം എംഎല്‍എ എ.രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന ആരോപണത്തില്‍ പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റികളെല്ലാം രാജേന്ദ്രനെതിരെ അന്വേഷണ കമ്മീഷന് തെളിവ് നല്‍കിയിരുന്നു. രാജേന്ദ്രന്‍ പാര്‍ട്ടിയുമായി സഹകരിക്കാത്തതിലും മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുന്നതിലും എം.എം.മണി അടക്കമുള്ളവര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
ജനുവരി മൂന്നിന് നടക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി രാജേന്ദ്രനെതിരായ നടപടിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.