കിഴക്കമ്പലം സംഘർഷം; അറസ്റ്റിലായവർക്കു തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ് സംഘം
കൊച്ചി∙ കിഴക്കമ്പലത്ത് പൊലീസിനുനേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ അറസ്റ്റിലായവർക്കു തീവ്രവാദ ബന്ധമുണ്ടോ എന്നു പരിശോധിക്കാൻ കേന്ദ്ര ഇന്റലിജൻസ് സംഘം സ്ഥലത്തെത്തി. ഉത്തര – കിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ് അക്രമികൾ എന്നതിനാൽ ഇവർക്കിടയിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് അന്വേഷണം.
2019ൽ മണ്ണൂരിൽവച്ച് കുന്നത്തുനാടു സിഐയുടെ നേതൃത്വത്തിൽ, ബോഡോ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ വേഷത്തിൽ ഇവിടെ ഒളിവിൽ കഴിയുന്നവരായിരുന്നു അറസ്റ്റിലായത്. സമാനമായി ആരെങ്കിലും സംഘത്തിലുണ്ടോ എന്നാണ് പരിശോധന.
എന്നാൽ പതിവായി മദ്യപിക്കുന്ന ഇവർ ലഹരി ഉപയോഗിച്ച് അക്രമാസക്തരായതു തന്നെയാണ് എന്നതിൽ കവിഞ്ഞ് എന്തെങ്കിലും നിലവിൽ കണ്ടെത്തിയിട്ടില്ല. അതിഥി തൊഴിലാളികൾ പരസ്പരം ആക്രമിച്ചത് വംശീയ ആക്രമണമാണോ എന്നായിരുന്നു കേന്ദ്ര സംഘം ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നത്.
വിവിധ സംസ്ഥാനക്കാർക്കിടയിലെ വൈരമോ, ജാതി വൈരമോ ഉണ്ടോ എന്നു പരിശോധിച്ചെങ്കിലും ആക്രമണം നടത്തിയ ഇരു ചേരിയിലും എല്ലാ വിഭാഗത്തിലുള്ള ആളുകൾ ഉണ്ടായിരുന്നു എന്നു കണ്ടെത്തി. ഇതോടെ വംശീയ അതിക്രമ സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. ഇവർക്കിടയിൽ സ്ഥിരം കുറ്റവാളികൾ നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിൽ മാത്രമേ പുറമേ നിന്നുള്ള ഇടപെടൽ കണ്ടെത്താനാകൂ. പ്രതികൾക്ക് രൂപസാമ്യമുള്ളതും ഹിന്ദിക്കു പകരം പ്രാദേശിക ഭാഷയിൽ മാത്രം സംസാരിക്കുന്നതും അന്വേഷണ സംഘങ്ങളെ പ്രയാസത്തിലാക്കുന്നു.