പിഴവൊന്നും പൊറുക്കില്ല; അപേക്ഷ തള്ളൽ തൊഴിലാക്കി പാസ്പോർട്ട് സേവാകേന്ദ്രം
അപൂർണമായ പാസ്പോർട്ട് അപേക്ഷകളുമായി എത്തുന്നവരെ, അപേക്ഷ സ്വീകരിക്കാതെ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽനിന്നു (പിഎസ്കെ) തിരിച്ചയയ്ക്കുന്നത് പതിവാകുന്നു. ഇടക്കാലത്ത് അപേക്ഷകരെ തിരിച്ചയയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട്, കേന്ദ്ര സർക്കാർ നൽകിയ കർശന നിർദേശത്തിനു കടകവിരുദ്ധമാണ് ചില പിഎസ്കെകളിലെ നടപടിയെന്നാണ് ആക്ഷേപം.
പാസ്പോർട്ട് അപേക്ഷകർ ആദ്യഘട്ടത്തിൽ എത്തുന്ന പ്രീ–വെരിഫിക്കേഷൻ ഏരിയയിൽവച്ചുതന്നെ അപേക്ഷകരെ തിരിച്ചയയ്ക്കുകയാണ്. തൊട്ടടുത്ത കൗണ്ടറുകളിൽ വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ഉദ്യോഗസ്ഥരുണ്ടെങ്കിലും അവരുടെ പരിഗണനയ്ക്കു വിടുന്നില്ല. വീണ്ടും ഫീസ് അടച്ച് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച് മറ്റൊരു ദിവസത്തിനായി കാത്തിരിക്കേണ്ട ഗതികേടിലാണ് അപേക്ഷകർ.X
ഫോട്ടോയിലെ പിശകുകൾ, പൂരിപ്പിക്കാതെ കോളങ്ങൾ വിട്ടുപോകൽ, അക്ഷരത്തെറ്റുകൾ തുടങ്ങി വേഗത്തിൽ പരിഹരിക്കാൻ കഴിയുന്ന ചെറിയ അപാകത പോലും ചൂണ്ടിക്കാട്ടിയാണ് ചില പിഎസ്കെകൾ അപേക്ഷ നിരസിക്കുന്നത്. പാസ്പോർട്ട് നിയമത്തിലോ ചട്ടങ്ങളിലോ വിവിധകാലങ്ങളിൽ പുറപ്പെടുവിച്ച നിർദേശങ്ങളിലോ അപേക്ഷ തള്ളൽ എന്നൊരു നടപടിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അപേക്ഷ അപൂർണമോ പൂർണമോ ആകട്ടെ, അത് സമർപ്പിക്കാൻ അനുവദിക്കാതെ ആരെയും തിരിച്ചയയ്ക്കരുതെന്നാണ് കേന്ദ്രനിർദേശം.
പിഎസ്കെയിൽ കേന്ദ്ര പാസ്പോർട്ട് ഉദ്യോഗസ്ഥരുടെ കൗണ്ടറുകളിൽ എത്തും മുൻപ്, അപേക്ഷകരോട് ഇടപെടുന്ന പ്രീ–വെരിഫിക്കേഷൻ ഏരിയയിലുള്ള ജീവനക്കാരാണ് അപേക്ഷ തള്ളലിനു പിന്നിൽ. അന്യായമായി അപേക്ഷാഫീസ് ഈടാക്കാനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്. അപേക്ഷ നിരസിക്കുന്നതിന്റെ കാരണം എഴുതിത്തരാൻ ആവശ്യപ്പെടുന്നവർക്കാകട്ടെ, മറുപടി ലഭിക്കുന്നുമില്ല.
ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം പുതിയ പാസ്പോർട്ടിനും പുതുക്കലിനുമുള്ള അപേക്ഷകർ വർധിച്ചെങ്കിലും നിരസിക്കൽ തുടങ്ങിയതോടെ പലരും നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്. പുതിയ അപേക്ഷ സമർപ്പിക്കാൻ ഓൺലൈൻ ആയി സ്ലോട്ട് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് തിരക്കുമൂലം വളരെ വൈകിയാണ് സമയം ലഭിക്കുന്നത്. പ്രശ്നം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് കൊച്ചി റീജനൽ പാസ്പോർട്ട് ഓഫിസിന്റെ പ്രതികരണം.
തള്ളൽ തന്ത്രപരം
അപേക്ഷ നിരസിച്ചു കൊണ്ടുള്ള രേഖകളൊന്നും അപേക്ഷകനു നൽകുന്നില്ല. ഈ അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്നും പുതിയതു നൽകണമെന്നും വാക്കാൽ അറിയിക്കുകയാണ് ചെയ്യുന്നത്. ആവശ്യമായ തിരുത്തലുകൾ വരുത്തി പിന്നീട് നൽകാനാണ് ആവശ്യപ്പെടുന്നത്. അപേക്ഷ സ്വീകരിച്ച് ഫയൽ നമ്പർ ജനറേറ്റ് ചെയ്ത ശേഷമാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ അപേക്ഷകർക്കു വീണ്ടും സ്ലോട്ട് ബുക്ക് ചെയ്യാതെതന്നെ, അടുത്ത ദിവസം ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിക്കാൻ കഴിയും. മൂന്നു തവണ അപ്പോയിൻമെന്റ് പുനഃക്രമീകരിക്കാനും കഴിയും.
അപേക്ഷയിലെ വിവരങ്ങൾ എഡിറ്റ് ചെയ്യാനുള്ള അവസരമോ രേഖകൾ കൊണ്ടുവരാനുള്ള അധികസമയമോ നിഷേധിക്കപ്പെടുന്നു. രേഖാമൂലം അപേക്ഷ തള്ളാതിരിക്കുന്നതുകൊണ്ട് പലപ്പോഴും അപേക്ഷകൻ പിഎസ്കെയിൽ എത്തിയില്ലെന്ന (ആബ്‌സന്റ്) വിവരമാണ് കംപ്യൂട്ടറിൽ രേഖപ്പെടുത്തുക.
ഇത്തരത്തിൽ ‘ഹാജരാകാതിരിക്കുന്നവർ’ പുതിയ സ്ലോട്ട് ബുക്ക് ചെയ്യണമെന്നാണ് ചട്ടം. പുതിയ സ്ലോട്ട് കിട്ടാൻ 15 ദിവസം മുതൽ ഒരു മാസം വരെ കാത്തിരിക്കേണ്ടി വരും. ഫലത്തിൽ, നിസ്സാര പിശകിന് അപേക്ഷ തള്ളപ്പെട്ടവർക്കും അപേക്ഷാദിവസം ഹാജരാകാതിരുന്നവർക്കും ഒരേ ‘ശിക്ഷ’യാണ് നൽകുന്നത്. ഒരു അപേക്ഷ മൂന്ന് തവണ മാത്രമേ പുനഃക്രമീകരിക്കാൻ സാധിക്കൂ. അതു കഴിഞ്ഞാൽ വീണ്ടും ഫീസ് അടച്ച് പുതിയ അപേക്ഷേ സമർപ്പിക്കേണ്ടി വരും.
അപേക്ഷ നിരസിക്കാമോ?
അപൂർണമായ അപേക്ഷ ആയാൽപോലും അതു സമർപ്പിക്കാതെ പൗരൻമാരെ തിരിച്ചയയ്ക്കരുതെന്നാണ് നിയമം . അവിടെവച്ചു തിരുത്താവുന്നതാണെങ്കിൽ അതിന് അവസരം നൽകണം. അന്നോ അടുത്ത ദിവസങ്ങളിലോ രേഖകൾ കൊണ്ടുവരാൻ അനുവദിക്കണം. ഇതു സംബന്ധിച്ച കേന്ദ്രസർക്കാർ നിർദേശത്തിൽ പറയുന്നതിങ്ങനെ;
‘പിഎസ്കെകളിൽ എത്തുന്ന എല്ലാ അപേക്ഷകളും സ്വീകരിക്കണം. അപേക്ഷ വാങ്ങിവയ്ക്കാതെ ഒരു അപേക്ഷകനെപ്പോലും തിരിച്ചുപോകാൻ നിർബന്ധിക്കരുത്. അപേക്ഷയിൽ ഏതെങ്കിലും വിവരമോ രേഖകളോ ഇല്ലെങ്കിൽ പിഎസ്കെ / സിഎസ്ഇ (സിറ്റിസൺ സർവീസ് എക്സിക്യൂട്ടീവ്) കൗണ്ടർ ‘എ’യിലുള്ള ഉദ്യോഗസ്ഥർ ഇക്കാര്യം അപേക്ഷകന്റെ ശ്രദ്ധയിൽപ്പെടുത്തണം. അപേക്ഷയിലെ പിശക് അവിടെവച്ചുതന്നെ തിരുത്താൻ അപേക്ഷകൻ ആവശ്യപ്പെട്ടാൽ സിഎസ്ഇ പാസ്പോർട്ട് അപേക്ഷ എഡിറ്റ് ചെയ്ത് അപേക്ഷ പൂർണമാക്കണം.
അതിനുശേഷം അപേക്ഷ സ്വീകരിച്ച്, വെരിഫിക്കേഷൻ ഓഫിസർമാരുടെയും ഗ്രാന്റിങ് ഓഫിസർമാരുടെയും പരിഗണനയ്ക്കായി പ്രോസസ് ചെയ്യണം. തുടർന്നു കൗണ്ടർ ബിയിലോ സിയിലോ ഉള്ള പ്രോസസിങ് ഓഫിസർമാർ അപേക്ഷയ്ക്കൊപ്പം മതിയായ രേഖകൾ ഇല്ലെന്നു കണ്ടെത്തുന്ന പക്ഷം, അത് അന്നോ അടുത്ത ഏതെങ്കിലും ദിവസമോ കൊണ്ടുവരാൻ ആവശ്യപ്പെടുകയും അതനുസരിച്ച് പെൻഡിങ് ആയ അപേക്ഷ പ്രോസസ് ചെയ്യുകയും വേണം.’
പിഎസ്കെകളിൽ കൗണ്ടറുകൾ ഇങ്ങനെ
∙ പ്രീ–വെരിഫിക്കേഷൻ ഏരിയ ഓൺലൈൻ സ്ലോട്ടിന്റെയും അപേക്ഷകളുടെയും പ്രാഥമിക പരിശോധന. അപൂർണമാണെന്നു കാട്ടി അപേക്ഷകൾ നിരസിക്കുന്നതും അപേക്ഷകരെ തിരിച്ചയയ്ക്കുന്നതും ഇവിടെ.
∙ കൗണ്ടർ എ ഡേറ്റാ എൻട്രി, ഡോക്യുമെന്റ് സ്കാനിങ്. അപേക്ഷകൾ സ്വീകരിക്കുന്നത് ഇവിടെ.
∙ കൗണ്ടർ ബി വെരിഫിക്കേഷൻ. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യുന്നു.
∙ കൗണ്ടർ സി ഗസറ്റഡ് റാങ്കിലുള്ള പാസ്പോർട്ട് ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഗ്രാന്റിങ് ഡെസ്ക്.