സഹോദരന്റെ മരണം, പിന്നാലെ പി. ടി യുടെയും,ഞെട്ടൽ മാറാതെ ഉപ്പുതോട്
പി ടി തോമസിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലിൽ നിന്ന് ജൻമനാടായ ഇടുക്കിയിലെ ഉപ്പുതോട് നിവാസികൾ മുക്തരായിട്ടില്ല. മരണ വാർത്തയറിഞ്ഞത് മുതൽ പി.ടി യുടെ കുടുംബ വീട്ടിലേയ്ക്ക് ജനപ്രവാഹമാണ്.1964 കാല ഘട്ടത്തിൽ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ നിന്നും കൂടിയേറിപ്പാർത്ത പുതിയാപറമ്പിൽ തോമസ് ജോസഫിന്റെ രണ്ടാമത്തെ മകൻ പാപ്പച്ചനെന്ന പി.ടി ജനങ്ങൾക്ക് വെറുമൊരാളായിരുന്നില്ല.ഒരു വികാരം തന്നെയായിരുന്നു.സ്വന്തം നേട്ടങ്ങൾക്കുപരി നിലപാടുകളെ കാത്തുസൂക്ഷിച്ചിരുന്ന പി ടി തോമസിന്റെ വിയോഗം അനാഥമാക്കിയത് അക്ഷരാർത്ഥത്തിൽ ഉപ്പുതോടിനെയാണ്. തിരക്കുകൾ ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ലെങ്കിലും വിശേഷ ദിവസങ്ങളിൽ തറവാട്ടിലെത്തി കുടുംബാംഗങ്ങളെ കാണാതെ പോകുക പി. ടി യ്ക്കു പ്രയാസമായിരുന്നു.അദ്ദ്ദേഹം അവസാനം ജൻമനാട്ടിലെത്തിയത് സഹോദരന്റെ മരണത്തെ തുടർന്നാണ്.
അസുഖ ബാധിതനായിരുന്നുവെങ്കിലും മടങ്ങിയെത്തുമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞാണ് പി.ടി അന്ന് മടങ്ങിയത്.എന്നാൽ നിയോഗം മറ്റൊന്നായി.ഒരു മാസത്തിനിടയിൽ തന്നെ ഭർത്താവിന്റെയും ,അനുജന്റെയും വേർപാട് കുടുംബത്തെ അനാഥമാക്കിയെന്ന് ജേഷ്ഠന്റെ ഭാര്യ മേരികുട്ടി പറയുന്നു.