മുല്ലപ്പെരിയാർ ബേബി ഡാമിന്റെ അടിഭാഗത്ത് ചോർച്ച വർധിച്ചു; ജലമൊഴുക്ക് വ്യക്തമായി കാണാം
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുന്നതിനിടെ ബേബി ഡാമിന് അടിഭാഗത്ത് ചോർച്ച വർധിച്ചു. കഴിഞ്ഞ ദിവസം അണക്കെട്ടിൽ പരിശോധന നടത്തിയ കേരളത്തിന്റെ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുല്ലപ്പെരിയാറിലെ സംഭരണിയിൽ ജലനിരപ്പ് 115 അടിക്കു മുകളിലെത്തുമ്പോഴാണ് ബേബി ഡാമിന്റെ അടിത്തട്ടിൽ വെള്ളമെത്തുന്നത്.
ബേബി ഡാമിന് ബലക്ഷയമുണ്ടെന്ന് തമിഴ്‌നാടും അംഗീകരിച്ചിട്ടുണ്ട്. അതിനാലാണ് ഇവിടെ ബലപ്പെടുത്തലിന് അനുവാദത്തിനായി കേരളത്തിനുമേൽ നിരന്തരം സമ്മർദം ചെലുത്തുന്നത്. ബേബി ഡാമിന്റെ താഴ്ഭാഗത്തു കൂടിയുള്ള ജലമൊഴുക്ക് വ്യക്തമായി കാണാം. മഴ മാറിയതോടെ വെള്ളമൊഴുക്കിന്റെ വ്യാപ്തി വ്യക്തമായി മനസ്സിലാക്കാം.
മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് അനുദിനം കുറയുന്നുണ്ടെന്നും തൽക്കാലം ബേബിഡാമിന് ഭീഷണിയില്ലെന്നുമാണ് തമിഴ്‌നാടിന്റെ വിലയിരുത്തൽ. എന്നാൽ, ബേബിഡാം ബലപ്പെടുത്താതിരുന്നാൽ അപകടമാണെന്ന ബോധ്യമുള്ളതിനാലാണ് സുപ്രീം കോടതിയിൽ നിന്ന് ഇതിനുള്ള അനുമതിക്കായി ശ്രമം തുടരുന്നത്.