സപ്ലൈകോ ക്രിസ്തുമസ് – പുതുവത്സര ജില്ലാ ഫെയറിന് കട്ടപ്പനയില്‍ തുടക്കമായി
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ ക്രിസ്തുമസ് – പുതുവത്സര ഫെയറിന് കട്ടപ്പനയില്‍ തുടക്കമായി. കട്ടപ്പന സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയര്‍ ഉദ്ഘാടനം ചെയ്തു. സന്തോഷകരമായ ഒരു കാര്യത്തിനാണ് സപ്ലൈകോ തുടക്കം കുറിക്കുന്നത്. കോവിഡ് കാലത്ത് ആശ്വാസകരമായ കാര്യങ്ങളാണ് സപ്ലൈകോ ചെയ്തത്.
ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടത്താനാണ് ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായി ജില്ലാ നേരിടുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്ന നടപടികള്‍ സ്വീകരിക്കും. കൂടാതെ ഇടുക്കി പാക്കേജ് ജനങ്ങള്‍ക്ക് ഉപകാര പ്രദമായ രീതിയില്‍ നടപ്പിലാക്കാനാണ് തീരുമാനം.
കോവിഡ് കാലത്ത് കരുതലോടു കൂടിയുള്ള സംരക്ഷണ കവചമാണ് സര്‍ക്കാര്‍ തീര്‍ത്തത്. അതിന് എല്ലാവിധ എല്ലാ പിന്തുണയും നല്‍കുകയും ദീര്‍ഘ വീക്ഷണതോട് കൂടിയുള്ള പ്രവര്‍ത്തനമാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ കാഴ്ചവെച്ചതെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു.
പരിപാടിയില്‍ കട്ടപ്പന നഗരസഭ ചെയര്‍ പേഴ്‌സണ്‍ ബീന ജോബി അധ്യക്ഷത വഹിച്ചു. ആദ്യ വില്പന കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ നിര്‍വഹിച്ചു.
കട്ടപ്പന നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദുലത രാജു,സപ്ലൈകോ റീജിയണല്‍ മാനേജര്‍ എലിസമ്പത്ത് ജോര്‍ജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി ആര്‍ സജി, വി.ആര്‍ ശശി, മനോജ് എം തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു