ബീഫ് കഴിച്ചതിന് ഊരുവിലക്ക്: ആറ് ആദിവാസികൾക്ക് ആറുമാസം നല്ലനടപ്പ്
മറയൂർ: ബീഫ് കഴിച്ചതിന്റെപേരിൽ 25 ആദിവാസി യുവാക്കൾക്ക് ഊരുവിലക്കിയ സംഭവത്തിൽ ഗോത്രപഞ്ചായത്ത് ചേർന്ന് ഇളവുകൾ അനുവദിച്ചു. ബീഫ് കഴിച്ചെന്ന് സമ്മതിച്ച ആറുപേർക്ക് ആറുമാസം നല്ലനടപ്പ് ശിക്ഷ വിധിച്ചു. 18 പേരെ ഊരുവിലക്കിൽനിന്ന് ഒഴിവാക്കി. ഗോത്രപഞ്ചായത്തിൽ ഹാജരാകാതിരുന്ന ഒരാളുടെ കാര്യത്തിൽ തീരുമാനമൊന്നുമെടുത്തിട്ടില്ല.
ഡിസംബർ ആദ്യവാരമാണ് സംഭവം. കന്നിയാർ പുഴയിലെ പാലത്തിന് സമീപത്തെ ഷെഡ്ഡിലിരുന്ന് കുടിയിലെ യുവാക്കൾ മറ്റൊരാളോടൊപ്പം ബീഫ് കഴിച്ചു എന്നാരോപിച്ചാണ് വിലക്കേർപ്പെടുത്തിയത്. കുടികളുടെ ആചാരത്തിനെതിരാണെന്ന് ആരോപിച്ചായിരുന്നു ഊരുകൂട്ടങ്ങളുടെ നടപടി. മറയൂർ പഞ്ചായത്തിലെ ഒന്നാംവാർഡിലെ കമ്മാളംകുടി, കുത്തുകല്ല് കുടി, പെരിയ കുടി, വേങ്ങാപ്പാറ, നെല്ലിപ്പെട്ടി, കവക്കുടി എന്നിവിടങ്ങളിലെ യുവാക്കൾക്കായിരുന്നു വിലക്ക്. തങ്ങൾ കഴിച്ചത് പന്നിയിറച്ചിയാണെന്നും ബീഫല്ലെന്നും യുവാക്കൾ കുടിക്കാരോട് പറഞ്ഞെങ്കിലും ഊരുക്കൂട്ടം ചെവിക്കൊണ്ടില്ല. രണ്ടാഴ്ചയായി ആരോപണമുയർന്ന 25 പേരും ഇതുവരെ കുടികളിൽ കയറാതെ കൃഷിയിടങ്ങളിലെ കാവൽമാടങ്ങളിലും ദൂരെയുള്ള വീടുകളിലുമായാണ് കഴിഞ്ഞിരുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ വലിയ വിവാദമായി. ഊരുവിലക്കിയിട്ടില്ലെന്നും ഗോത്രപഞ്ചായത്ത് കൂടിയതിനുശേഷമേ തീരുമാനമെടുക്കുകയുള്ളൂ എന്നുമുള്ള വിശദീകരണവുമായി ഊരുമൂപ്പൻമാർ രംഗത്തെത്തി. തുടർന്നാണ് ശനിയാഴ്ച ഗോത്രപഞ്ചായത്തുകൂടി ഇളവുകൾ പ്രഖ്യാപിച്ചത്.
മറയൂർ കൂടാതെ ഇടമലക്കുടി, വട്ടവട, കാന്തല്ലൂർ, മൂന്നാർ, അടിമാലി, ചിന്നക്കനാൽ, തമിഴ്നാട്ടിലെ വാൽപ്പാറ മേഖലകളിലെ മുതുവാൻ വിഭാഗത്തിൽപ്പെടുന്ന നൂറിലധികം കുടികളിലെ തലൈവർമാരും കാണിമാരുമെത്തി. അഞ്ഞൂറിലധികം പേർ പങ്കെടുത്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഗോത്രപഞ്ചായത്താണ് ഇത്തവണ നടന്നത്.
ഈ കുടികളിൽ ആചാരാനുഷ്ഠാനങ്ങൾക്കെതിരായി പ്രവർത്തിക്കുകയോ, ബീഫ് കഴിക്കുകയോ, മറ്റ് സമുദായങ്ങളിൽനിന്ന് വിവാഹം കഴിക്കുകയോ ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയാണ് പതിവ്. മരണ- വിവാഹ ചടങ്ങുകളിൽ അവരെ പങ്കെടുപ്പിക്കില്ല. മുൻ മറയൂർ പഞ്ചായത്തംഗവും പെരിയകുടി സ്വദേശിയുമായ ചിദംബരത്തിനെതിരേ ബീഫ് കഴിച്ചു എന്ന ആരോപണം ഉയർന്നപ്പോൾ ഊരുവിലക്കിയിരുന്നു. വർഷങ്ങൾക്കുശേഷമാണ് ഊരുവിലക്ക് പിൻവലിച്ചത്. അതുവരെ ചിദംബരം ഒറ്റപ്പെട്ട് കഴിയുകയായിരുന്നു.