പച്ചക്കറി വിലവര്‍ധന നിയന്ത്രിക്കാന്‍ ‘തക്കാളി വണ്ടി’ യുമായി കൃഷിവകുപ്പ് ;ജില്ലയില്‍ പര്യടനം തുടങ്ങി
ക്രിസ്മസ്, പുതുവത്സര സമയത്ത് പച്ചക്കറികള്‍ക്ക് ഉണ്ടായേക്കാവുന്ന വിലക്കയറ്റത്തിന് കടിഞ്ഞാണിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി സജ്ജമാക്കിയ തക്കാളി വണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. തക്കാളിക്കൊപ്പം മറ്റ് പച്ചക്കറികളും കുറഞ്ഞ വിലയില്‍ നല്‍കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.കാര്‍ഷിക വികസന – കര്‍ഷക ക്ഷേമ വകുപ്പും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്സ് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളവും (വി.എഫ്.പി.സി.കെ) ചേര്‍ന്നാണ് തക്കാളി വണ്ടി എന്ന പേരില്‍ സഞ്ചരിക്കുന്ന പച്ചക്കറി സ്റ്റാള്‍ രംഗത്തിറക്കിയത്.
ഇതുവഴി 17 ഇനം പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കും. ഗ്രാമീണ കര്‍ഷകര്‍, ഇക്കോ ഷോപ്പ്, ആഴ്ചച്ചന്ത, വഴിയോര ചന്തകള്‍ എന്നിവ വഴി ജില്ലയില്‍ നിന്നു ശേഖരിക്കുന്ന വിഷരഹിത നാടന്‍ ജൈവ പച്ചക്കറികളാണ് തക്കാളി വണ്ടിയിലൂടെ ലഭ്യമാക്കുക.കേരളത്തില്‍ ഉത്പാദിപ്പിക്കാത്ത ഇനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഹോര്‍ട്ടി കോര്‍പ്പ് മുഖേന വാങ്ങിയും വില്‍പ്പനക്കെത്തിക്കും.ശീതകാല പച്ചക്കറികളായ ക്യാരറ്റ്, കാബേജ്, കിഴങ്ങ് എന്നിവ വട്ടവടയിലെ വിപണിയില്‍ നിന്നും കര്‍ഷകരില്‍ നിന്ന് നേരിട്ടുമാണ് ശേഖരിക്കുന്നത്. ഒരു കിലോ തക്കാളിക്ക് 50 രൂപ വരെയാണ് തക്കാളി വണ്ടിയിലുള്ളത്. അതോടൊപ്പം പൊതു വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വെണ്ട, പയര്‍, ചേന, വെള്ളരി, മത്തന്‍, പച്ചക്കായ തുടങ്ങിയ വിവിധ പച്ചക്കറികളും ലഭിക്കും.രണ്ടു വണ്ടികളാണ് ഇതിനായി സജ്ജമാക്കിയത്. ലോറേഞ്ചിലും ഹൈറേഞ്ചിലും ഓരോ വണ്ടികള്‍ എന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൗണുകളിലൂടെ തക്കാളി വണ്ടി സഞ്ചരിക്കും. ജനുവരി ഒന്നുവരെ ഈ സേവനമുണ്ടാകും. എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വിപണി പ്രവര്‍ത്തിക്കുക. കൃഷി വകുപ്പിന്റെ വാഹനമാണ് ഇതിനായി ഉപയോഗിക്കുന്നത്.
വി.എഫ്.പി.സി.കെ യുടെ ജീവനക്കാര്‍ മുഴുവന്‍ സമയവും വാഹനത്തോടൊപ്പമുണ്ടാകും. വില്‍പ്പനക്കും മറ്റ് ജോലിക്കുമായി ദിവസ വേതനാടിസ്ഥാനത്തില്‍ കര്‍ഷകരെ തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. വാങ്ങുന്ന സാധനങ്ങള്‍ക്ക് തക്കാളി വണ്ടിയില്‍ നിന്നുള്ള പ്രത്യേക ബില്ലും ഉപഭോക്താക്കള്‍ക്ക് നല്‍കും.ലോ റേഞ്ചിലെ തക്കാളി വണ്ടി തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് ജോസഫ് ആദ്യ വില്പന നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എലിസബത്ത് പുന്നൂസ്, വി.എഫ്.പി.സി.കെ. ജില്ലാ മാനേജര്‍ ബിന്ദു, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സിജി ആന്റണി, ബിജു ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.തക്കാളി വണ്ടിയിലെ ശനിയാഴ്ച്ചത്തെ വില നിലവാരം: തക്കാളി 50, പാവക്ക -60, പടവലം -40, പച്ചമുളക് -55, നാടന്‍ പയര്‍ -70, വഴുതന -65, സവാള -40, ഉള്ളി -60, കാബേജ് -40, ക്യാരറ്റ് -45, കിഴങ്ങ് -40.