നാട്ടുവാര്‍ത്തകള്‍
എന്നെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാൽ ഞാൻ ഇവിടെത്തന്നെ കാണും;എം.എം. മണിക്ക് എസ്.രാജേന്ദ്രന്റെ മറുപടി
മൂന്നാർ ∙ ‘‘എന്നെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാൽ ഞാൻ ഇവിടെത്തന്നെ കാണും’’– തന്നെ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച എം.എം.മണിക്ക് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ മറുപടി. ‘‘ആരോടും പരാതിയില്ല. കാര്യങ്ങൾ പാർട്ടിയിൽ കത്തിലൂടെ അറിയിച്ചിട്ടുണ്ട്.
മറുപടി കിട്ടുമെന്നു പ്രതീക്ഷിക്കുന്നു’’– എസ്.രാജേന്ദ്രൻ ‘മനോരമ’യോടു പറഞ്ഞു. സിപിഐയിലേക്കു പോകുമെന്ന വാർത്തകളും അദ്ദേഹം തള്ളി. കഴിഞ്ഞ ദിവസം നടന്ന സിപിഎം മറയൂർ ഏരിയ സമ്മേളനത്തിലാണ് മുൻ മന്ത്രി എം.എം.മണി രാജേന്ദ്രനെതിരെ രൂക്ഷമായി പ്രതികരിച്ചത്. സ്ഥലത്തില്ലാതിരുന്നതിനാലാണ് സമ്മേളനങ്ങളിൽ പങ്കെടുക്കാത്തത് എന്നാണ് എസ്.രാജേന്ദ്രന്റെ വിശദീകരണം.