പ്രധാന വാര്‍ത്തകള്‍
ഒമിക്രോൺ ബാധിച്ച സൊമാലിയൻ സ്വദേശി ഹൈദരാബാദിലെ ആശുപത്രിയിൽനിന്നു ചാടി; തിരച്ചിൽ തുടരുന്നു
ഹൈദരാബാദ് ∙ ഒമിക്രോൺ വകഭേദം കണ്ടെത്തിയതിനെ തുടർന്നു ചികിത്സയിലായിരുന്ന സൊമാലിയൻ സ്വദേശി സ്വകാര്യ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞു. ഹൈദരാബാദിലെ സൊമാജിഗുഡയിലാണ് 23കാരൻ യുവാവ് ആശുപത്രിയിൽനിന്നു രക്ഷപെട്ടത്. ചൊവ്വാഴ്ചയാണു യുവാവിനെ കാണാതായത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കാണ് സൊമാലിയയിൽനിന്നു നഗരത്തിൽ എത്തിയത്.
ഡിസംബർ 12നു ഹൈദരാബാദിൽ എത്തി. ഒമിക്രോൺ പോസിറ്റിവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ യുവാവിനായി തിരച്ചിൽ തുടരുകയാണ്.
യുവാവിനെ കണ്ടുകിട്ടുന്ന പക്ഷം തെലങ്കാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഒമിക്രോൺ വാർഡിൽ താമസിപ്പിക്കുമെന്നു ഹൈദരാബാദ് പൊലീസ് അറിയിച്ചു. ഇതിനിടെ വിമാനത്തിലെത്തിയ മൂന്നു പേർക്ക് കൂടി നഗരത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.