‘രാഷ്ട്രീയം കോടതിയില്‍ വേണ്ട’; മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് താക്കീത്
ന്യൂഡൽഹി∙ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ തുറക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സുപ്രീം കോടതി നിയോഗിച്ച മേൽനോട്ടസമിതി തീരുമാനമെടുക്കട്ടെയെന്ന് ജഡ്ജിമാരായ എ.എം. ഖാൻവിൽക്കർ, സി.ടി. രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കേസിലെ പ്രധാന ഹർജിക്കാരായ കോതമംഗലം സ്വദേശി ജോ ജോസഫ് ഉന്നയിച്ച ആവശ്യമാണ് കോടതി അംഗീകരിച്ചത്.
ഷട്ടർ തുറക്കുന്നതിന്റെ സമയം, തോത് എന്നിവ തീരുമാനിക്കാൻ കേരളത്തിന്റെയും തമിഴ്നാടിന്റെയും സംയുക്ത സമിതി വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാനാവില്ല. ആവശ്യങ്ങളും പരാതികളും മേല്‍നോട്ടസമിതിയെ അറിയിക്കാന്‍ കോടതി നിര്‍ദേശം നൽകി.
തീരുമാനമെടുക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയാല്‍ പിന്നെന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. സമിതിയില്‍ കാര്യങ്ങള്‍ പറയേണ്ടത് കേരളത്തിന്‍റെ അംഗമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം അംഗത്തെ കുറ്റപ്പെടുത്തുവെന്നും കോടതി പറഞ്ഞു. രാഷ്ട്രീയം കോടതിയില്‍ വേണ്ടന്നു സുപ്രീം കോടതി താക്കീതും നൽകി.
ഷട്ടർ തുറക്കണോ വേണ്ടയോ എന്നു മേൽനോട്ട സമിതി തീരുമാനമെടുക്കട്ടെയെന്ന കോടതിയുടെ നിർദേശത്തെ കേരളം എതിർത്തില്ല. ഡാമിന്റെ സുരക്ഷ സംബന്ധിച്ച പ്രധാന ഹർജികളിലെ അന്തിമവാദം ജനുവരി 11നു കേൾക്കുമെന്നും അറിയിച്ച കോടതി ബാക്കികാര്യങ്ങൾ മേൽനോട്ട സമിതിക്കു മുന്നിൽ അവതരിപ്പിച്ചു പരിഹാരം കണ്ടെത്താൻ നിർദേശിച്ചു. തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതു വഴി സമീപവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കഴിഞ്ഞ ദിവങ്ങളിലായി കേരളം ഉൾപ്പെടെ ഹർജിക്കാർ ഉന്നയിച്ചിരുന്നു.