സ്കൂളിൽ നിന്ന് മുക്കാൽ ലക്ഷം രൂപ കവർന്ന സംഭവം, പ്രതി അറസ്റ്റിൽ. ഇടുക്കി സ്വദേശിയായ ചുഴലി മഹേഷിനെ പ്രത്യേക അന്വേഷണ സംഘം കമ്പത്ത് നിന്ന് പിടികൂടിയത് മോഷണം നടന്ന് മണിക്കൂറുകൾക്കകം…
കട്ടപ്പന സെന്റ് ജോർജ് സ്കൂളിൽ നിന്ന് പണം കവർന്ന സംഭവത്തിൽ മോഷ്ടാവിനെ തമിഴ്നാട്ടിൽ പിടികൂടി.നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇടുക്കി മരിയാപുരം സ്വദേശി നിരവത്ത് മഹേഷിനെയാണ് ( ചുഴലി മഹേഷ്, 41) കട്ടപ്പന ഡി. വൈ.എസ്. പി യുടെ സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ കമ്പത്തുള്ള ലോഡ്ജിൽ നിന്നും ഇന്നലെ വൈകിട്ടാണ് അന്വേഷണ സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ഇയാൾ സെന്റ് ജോർജ് സ്കൂളിലെ ഓഫീസ് റൂം തകർത്ത് 86000 രൂപയാണ് മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ടാക്സി വാഹനത്തിൽ തമിഴ്നാട്ടിലേയ്ക്ക് കടക്കുകയായിരുന്നു. കമ്പത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രത്യേക സ്ക്വാഡിന്റെ വലയിലായത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സ്കൂളിൽ മോഷണം നടന്നത്. പിന്നീട് സ്കൂളിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും കാര്യമായ തുമ്പ് ലഭിച്ചില്ല.തുടർന്ന് സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പശ്ചാത്തലമുള്ള മോഷ്ടാക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചുഴലി മഹേഷ് കസ്റ്റഡിയിലായത്. ഇയാൾക്കെതിരെ സമാന കേസുകൾ ആലത്തൂർ, ചങ്ങനാശ്ശേരി പോലീസ് സ്‌റ്റേഷനുകളിലുമുണ്ട്. കട്ടപ്പന ഡി വൈ എസ് പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിൽ എസ് എച്ച് ഒ വിശാൽ ജോൺസൺ,എസ് ഐ സജിമോൻ ജോസഫ്, എ എസ് ഐ എസ്.സുബൈർ, സി പി ഒ മാരായ ടോണി ജോൺ, വി. കെ അനീഷ് എന്നിവർ ചേർന്നാണ് മോഷ്ടാവിനെ കസ്റ്റഡിയിൽ എടുത്തത്.