ഇടുക്കിയിലും ലൈഫ് മിഷൻ പദ്ധതി താളം തെറ്റി. ഇത് വരെ പരിശോധിക്കാനായത് 40% മാത്രം അപേക്ഷകൾ.
ഇടുക്കിയിലും ലൈഫ് മിഷൻ പദ്ധതി താളം തെറ്റി. ഇത് വരെ പരിശോധിക്കാനായത് 40% മാത്രം അപേക്ഷകൾ.
കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ആശയഭിന്നത മൂലം ജില്ലയില്‍ ലൈഫ് ഭവന പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി.നവംബര്‍ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട ലൈഫ് മിഷന്റെ പുതിയ അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയാക്കാനായില്ല. ഉദ്യോഗസ്‌ഥരുടെ കുറവ് കാരണം 40 ശതമാനം അപേക്ഷകള്‍ മാത്രമാണ് ഇതുവരെ പരിശോധിക്കാനായത്. അപേക്ഷാ പരിശോധനയ്‌ക്കായി കൃഷി അസിസ്‌റ്റന്റുമാരെ വിട്ടുനല്‍കാനാവില്ലെന്ന് കൃഷിവകുപ്പ് ഉത്തരവിറക്കിയതാണ് പ്രതിന്ധിക്ക് കാരണം. പരിശോധനയ്‌ക്ക് വേണ്ടത്ര ഉദ്യോഗസ്‌ഥരില്ലാത്ത സ്‌ഥിതിയാണെന്ന് തദ്ദേശവകുപ്പ് അധികൃതരും പറയുന്നു. രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ആശയഭിന്നതയാണ് അരലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് കിടപ്പാടം ലഭിക്കേണ്ട പദ്ധതിയെ അവതാളത്തിലാക്കുന്നത്.
പ്രതീക്ഷയോടെ
58523
അപേക്ഷകര്‍
നവംബര്‍ ഒന്ന് മുതലാണ് അപേക്ഷകളില്‍ പരിശോധന ആരംഭിച്ചത്. പരിശോധന പൂര്‍ത്തിയാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തി ഗുണഭോക്‌തൃ പട്ടികയുടെ കരട് ഡിസംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നാലിലൊന്ന് പരിശോധനകള്‍ പോലും പൂര്‍ത്തിയാക്കാനായില്ല. ഇതേത്തുടര്‍ന്ന് ലൈഫ് മിഷന്‍ അധികൃതര്‍ സര്‍ക്കാരിന് കത്ത് നല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ പരിശോധനാ തീയതി ഡിസംബര്‍ 20 വരെ തീയതി നീട്ടി നല്‍കി. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പരിശോധന മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.
ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, വി.ഇ.ഒമാര്‍, പഞ്ചായത്ത് അസിസ്‌റ്റന്റ് സെക്രട്ടറി, കൃഷി അസിസ്‌റ്റന്റുമാര്‍ എന്നിവരാണ് അപേക്ഷരെ നേരില്‍കണ്ട് പരിശോധന നടത്തേണ്ടത്. 58523 അപേക്ഷരാണ് ജില്ലയില്‍ സ്വന്തമായി കിടപ്പാടമെന്ന സ്വപ്‌നവുമായി പട്ടികയില്‍ ഉള്‍പ്പെടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നത്.
20 നും
പൂര്‍ത്തിയാക്കാനാവുമോയെന്ന് ആശങ്ക
പരിശോധന നിശ്‌ചയിച്ച സമയത്ത് പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കൃഷി അസിസ്‌റ്റന്റുമാരെ പരിശോധനയ്‌ക്ക് ഉപയോഗിക്കാന്‍ തീരുമാനമെടുത്തു. ഇതിന്റെ തുടര്‍ച്ചയെന്നോണം അതാത് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടര്‍മാരും പഞ്ചായത്തധികൃതരും തുടര്‍ നടപടികളുമായി മുന്നോട് പോയി. എന്നാല്‍ കൃഷി വകുപ്പില്‍ നിന്നും ജീവനക്കാരെ വിട്ട് നല്‍കുന്നത് സംബന്ധിച്ച ഡയറക്‌ടര്‍ ഉത്തരവ് ഇറക്കാത്തതിനാല്‍ കൃഷി അസിസ്‌റ്റന്റുമാര്‍ ഫീല്‍ഡില്‍ ഇറങ്ങിയിട്ടില്ല. ഇതോടെ 20 നുള്ളിലും കരട് പ്രസിദ്ധീകരിക്കാന്‍ ആകുമോയെന്ന ആശങ്കയിലാണ് ലൈഫ് മിഷന്‍. കൃഷി അസിസ്‌റ്റന്റുമാര്‍ പിന്‍മാറിയതോടെ ചില സ്‌ഥലങ്ങളില്‍ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരും നിസഹകരണത്തിലായിരുന്നു.
കൃഷി വകുപ്പ് പ്രവര്‍ത്തനം
മുടങ്ങുമെന്ന്
കൃഷി ഇതര ആവശ്യങ്ങള്‍ക്ക് ഉദ്യോഗസ്‌ഥരെ നല്‍കാനാവില്ലെന്നായിരുന്നു കൃഷി വകുപ്പിന്റെ നിലപാട്. അപേക്ഷകള്‍ പരിശോധിക്കാനായി പഞ്ചായത്ത് ജീവനക്കാരെ നിയോഗിച്ചിട്ടില്ല. ശരാശരി പത്തുജീവനക്കാരുള്ള പഞ്ചായത്ത് ഓഫീസുകളെ ഒഴിവാക്കിയപ്പോള്‍ നാലുപേര്‍ മാത്രമുള്ള കൃഷി ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്‌ക്ക് നിയോഗിച്ചു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരിശോധനയ്‌ക്ക് കൃഷി വകുപ്പ് ജീവനക്കാര്‍ നിയോഗിക്കപ്പെട്ടാല്‍ കൃഷിനാശത്തിന്റെ കണക്കെടുപ്പ്, വിള ഇന്‍ഷ്വറന്‍സ്, പി.എം കിസാന്‍ പദ്ധതി, ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിലയ്‌ക്കുമെന്നും കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.